Sunday, July 21, 2013

ഓർമ്മകൾക്ക് കൊടുക്കേണ്ടത്

                   മനസ്സ് കലുഷിതമാകുമ്പോൾ,
സ്നേഹത്തിൻറെയോ  കാരുണ്യത്തിന്റെയോ ഒക്കെ അഭാവം അനുഭവപ്പെടുമ്പോൾ എനിയ്ക്കേറ്റവും പോകാനിഷ്ടം കുട്ടികളുടെ അടുത്തേക്കും , തീരെ പ്രായമായവരുടെ അരികിലേക്കുമാണ് . ഉള്ളിലെ എല്ലാ കുറവുകളും ഞൊടിയിട കൊണ്ട് അവർ മാറ്റിത്തരും . നമ്മളെ ഈ ലോകത്തെ ഏറ്റവും സ്നേഹിക്കപ്പെടുന്നവരായി അവർ മാറ്റും . നമ്മുടെ സ്നേഹത്തെ ഈ ലോകത്തെ ഏറ്റവും വിലയേറിയ ഒന്നാക്കിയും .....

     പ്രായമായവർക്ക് വേണ്ടത് എന്താണെന്ന് മനസ്സിലാകും ,, കുറെ നേരം അവർ പറയുന്നത് മുഴുവൻ കേട്ട് കൂടെയിരി ക്കാൻ  ,, അവരുടെ ചെറിയ ചെറിയ ദുശ്ശാഠ്യങ്ങൾ വക വെച്ച് കൊടുക്കാൻ ,,  . കുട്ടികൾക്കും വേണ്ടത് ഇതൊക്കെത്തന്നെയാണ് ,, പക്ഷെ അവർക്ക് യഥാർത്ഥത്തിൽ കൊടുക്കേണ്ടത് കുട്ടിക്കാലം എന്ന അവരുടെ പിൽക്കാലത്തെ ഓർമ്മകളിലേക്ക് ദീപ്തമായ ഒരു പിടി നിമിഷങ്ങൾ ആണ് എന്നെനിക്കെപ്പോഴും തോന്നാറുണ്ട് . രണ്ടു രണ്ടര വയസ്സുകാരൻ പോലും പുതിയ മൊബൈൽ ഫോണുകളിലും കാർടൂണുകളിലും വീഡിയോ ഗെയിമുകളിലും മുഴുകി ഇരിക്കുന്നത് കാണുമ്പോൾ വേദന തോന്നാറുണ്ട് .

     തിരിഞ്ഞ് നോക്കുമ്പോൾ സന്തോഷം തോന്നുന്ന വേദന തോന്നുന്ന നിറവു തോന്നുന്ന ഒരു കാലം. അവിടെ നിന്നും ഊറ്റിയെടുക്കാൻ അവർക്കെന്നും പാഠങ്ങൾ ഉണ്ടാകണം . ഭദ്രമായ ആ നിലത്ത് അവരുടെ തനതായ  സ്വപ്‌നങ്ങളുടെ വേരുകളിറങ്ങണം .

    ആ കുട്ടിയെ അൽപനേരം പഠിപ്പിക്കേണ്ടി വന്നതാണ് . A lamp that stormed to success - പഴകിക്കീറിത്തുടങ്ങിയ തൻറെ പുസ്തകത്തിൽ ആ പാഠമെടുത്തവനെൻറെ കൈയിൽത്തന്നു . 7 ഇൽ ആണ് എന്ന് അപ്പോഴാണ് മനസ്സിലായത് , കണ്ടാൽ നാലിനപ്പുറം പറയില്ല .

     താഴ്ന്ന ജാതിക്കാരനായ , ദരിദ്രനായ  K.R നാരായണൻ വിജയിച്ച കഥ ഞാനവനത് നോക്കി പറഞ്ഞു കൊടുത്തു . ഒരു ഭാവഭേദവുമില്ലാതെ , എൻറെ മുഖത്തേക്കുള്ള നോട്ടം കഴിവതും , അല്ല , പാടെ തന്നെ ഒഴിവാക്കിക്കൊണ്ട് അവനത് കേട്ടിരുന്നു .

     നാരായണൻ .... വാസ് ..ബോറ ...ണ്‍ ... ഓണ്‍ ....ഇരുപത്തി ഏഴ് ഒക്ടോബർ ... ആയിരത്തിത്തൊള്ളായിരത്തി .. ഇരുപത് ..ലയാളം മീഡിയം എങ്കിലും അവൻ വായിക്കുന്നുണ്ട് ,, അർത്ഥമറിയാം . തിരുത്തിക്കൊടുത്തു . വീണ്ടും വായിപ്പിച്ചു . ഒടുവിൽ ,അവസാനിപ്പിക്കുന്നതിനു തൊട്ടു മുൻപായി ഒരു സംഗ്രഹം എന്ന പോലെ - ഈ ലോകം നോക്കുന്നത് ഒരാൾക്ക് പണമുണ്ടോ , അയാൾ വല്യ വീട്ടിലെയാണോ എന്നൊന്നുമല്ല ,, നമുക്ക് വില തരുന്നത് നമ്മുടെ അറിവാണ് , സ്വഭാവമാണ് എന്നോ മറ്റോ ... പുറത്തേക്കോ പുസ്തകത്തിലേക്കോ ഒക്കെ കഷ്ടപ്പെട്ട് മാറി മാറി നോക്കിയിരുന്ന അവൻ ഒരു നിമിഷം കിടുങ്ങി .. പിന്നെ പതിയെ തലയുയർത്തി നേരിട്ട് ,, എൻറെ കണ്ണുകൾക്കകത്തേക്ക്  തുറിച്ചു നോക്കി നിശ്ചലമായി, അനന്തമായി നിന്നു .

         ആ നോട്ടത്തിൻറെ ആഴം താങ്ങാനാകാത്ത വണ്ണം ദുർബലമായിരുന്നു ആ കുരുന്നു കണ്ണുകൾ .. ഒരു ഉത്തരത്തിനെയോ , തിരിച്ചറിവിനെയോ , എരിയുന്ന അനുഭവങ്ങളെയോ ഒക്കെ ആയിരുന്നിരിക്കണം അവനങ്ങനെ , അതു പോലെ , നോക്കി നിന്നത് .     

       ഉള്ളിൽ ഞാൻ സന്തോഷിക്കുന്നുണ്ടായിരുന്നു . ഇവന് ഒരു പാത ഉണ്ടെന്നു മനസ്സ് പറഞ്ഞു.അതിരുകൾക്കപ്പുറത്തെ ചിന്തകളുടെ ഉടമസ്ഥതയും ,, സ്വപ്നങ്ങളും ,, തിരിഞ്ഞു നോക്കുമ്പോൾ ആ പാതയുടെ തുടക്കങ്ങളിൽ നിഷ്കളങ്കതയും അനുഭവങ്ങളും ഇടകലർന്ന ഒരു കുട്ടിക്കാലവും .

      
     

      

    

      

7 comments:

  1. ഈ കുറിപ്പ് വായിച്ച് ഉള്ളില്‍ ഞാനും സന്തോഷിയ്ക്കുന്നു.

    ReplyDelete
  2. ഹൃദയത്തില്‍ തട്ടുന്ന എഴുത്ത്..

    ReplyDelete
  3. സ്വപ്നം കാണാന്‍ കുട്ടികള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക

    ReplyDelete
  4. ഉള്ളില്‍ തൊടുന്ന ശൈലി....നന്നായി എഴുതി

    ReplyDelete
  5. വാക്കുകളിലെ രസതന്ത്രം നന്നായി ഇഷ്ടപ്പെട്ടു...ഞാനീ വഴി ആദ്യമാണെന്നു തോന്നുന്നു.ഇനിയും വരും...എല്ലാ നന്മകളും............

    ReplyDelete
  6. എഴുതിയ രീതി നന്നായിരിക്കുന്നു. അതെ, കുട്ടികളും വയസ്സായവരും ഒരുപോലെ ആണ്. ആദ്യത്തേത് നിഷ്കളങ്കത. രണ്ടാമത്തേത് ലോകം കുറെ കണ്ടതിന്റെ മനസ്സിലിരുപ്പ്. വീണ്ടും എഴുതുക. ആശംസകൾ.

    ReplyDelete
  7. സന്ദർശനം അടയാളപ്പെടുത്തുന്നു. ഈ കറുത്ത പ്രതലത്തിലെ വെളുത്ത അക്ഷരങ്ങൾ കണ്ണിന് അത്ര സുഖകരമാകുന്നില്ല. വെളുത്ത പ്രതലത്തിൽ കറുത്ത അക്ഷരമായി ബ്ലോഗ് സെട്ട് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നേനേ! പറഞ്ഞെന്നേയുള്ളൂ. ടെമ്പ്ലേറ്റ് മാറ്റിയാലും ശരിയാകും. ആശംസകൾ!

    ReplyDelete