Saturday, October 6, 2012

ദൂരങ്ങള്‍

       വളരെ clarity  കുറവാണിപ്പോള്‍ ജീവിതത്തിന് .കാണുന്നതിനും ചിന്തിക്കുന്നതിനും ഒക്കെ ഒരു വ്യക്തതയില്ലായ്മ . തീരെ ഇഷ്ടമല്ലാത്ത ഒരു തരം അവസ്ഥയിലാണിപ്പോ ഞാനുള്ളത് . കുറച്ചു ദൂരം ചെന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഓര്‍മ്മയിലെങ്ങും തെളിയാതെ പുകയായി മാത്രം ശേഷിച്ചേക്കാവുന്ന ദിനങ്ങള്‍ . ഉള്ളില്‍ ചെന്നിടിക്കുന്ന സന്തോഷങ്ങളോ അര്‍ത്ഥമുള്ള ആശങ്കകളോ വേദനകളോ ഒന്നുമില്ലാതെ ...

     വേദനയില്ലായ്മയ്ക്കും സന്തുഷ്ടിയ്ക്കും തമ്മില്‍ ഒരുപാട് ദൂരമുണ്ടെന്നറിയുന്നു ..

     ഇനി ഞാന്‍ എഴുതാന്‍ പോകുന്നത് എന്താണെന്നെനിക്കറിയില്ല . അതെന്താണെങ്കിലും ഒരല്പം clarity എന്ന ചെറിയ അത്യാഗ്രഹത്തിലാണ് ഇതിനു മുന്‍പില്‍  ഇപ്പോള്‍ ഞാനിരിക്കുന്നത്  .

    അഹങ്കാരമെന്ന വാക്കും വികാരവും എങ്ങനെ ഉരുത്തിരിഞ്ഞു വന്നു എന്ന് ചില സന്ദര്‍ഭങ്ങളില്‍ ചിന്തിച്ചു പോയിട്ടുണ്ട് . ഒരു പേനയുടെ ഒഴുക്കില്‍  വരഞ്ഞു പോകുന്ന വാക്കുകളിലോ , കാലം നമ്മളെ ആക്കിയെടുക്കുന്നതിലോ ഒക്കെ ഞാന്‍ എന്റെ എന്നൊക്കെ വിചാരിക്കാന്‍ മാത്രം അവകാശമുണ്ടോ നമുക്ക് എന്നു മാത്രമാണ് ചോദ്യം . അന്നങ്ങനെ പറഞ്ഞത് , അന്നവിടെയങ്ങനെ എഴുതിയിട്ടത് ശരിക്കും ഞാന്‍ തന്നെയായിരുന്നോ എന്നൊക്കെ ഇടയ്ക്ക് സ്വയം ചോദിച്ചു പോകുന്നതില്‍ അതിന്റെ ഉത്തരം ഒളിഞ്ഞു കിടപ്പുണ്ട് എന്ന് തോന്നുന്നു .

    രഞ്ജിത്ത് പറയുന്നത് പോലെ മുകളിലാരോ എഴുതിയ തിരക്കഥയില്‍ ജീവിക്കുന്നവര്‍ , ഒരൊറ്റ  ടേക്കില്‍ . അതു കൊണ്ട് തന്നെ കഴിഞ്ഞു പോകുന്നതൊക്കെ വിട്ടു മാറാത്ത അത്ഭുതങ്ങളാകുന്നു എപ്പോഴും .  ആ ഒരു അത്ഭുതം ജീവിതത്തിലുടനീളം നിലനിര്‍ത്തിത്തരണേ എന്നൊരു പ്രാര്‍ത്ഥന ഉള്ളിലുണ്ടാകാറുണ്ട്  ഇടയ്ക്കൊക്കെ .


        അവിടെ , പിന്നിട്ടു പോകുന്ന എല്ലാ ഓരോ നിമിഷങ്ങളും നമുക്ക് പുതുമയാണ് . കടന്നു പോകുന്ന വഴികളില്‍ അത്ഭുതവും കൌതുകവും കാത്തു നില്‍ക്കുന്നു എന്ന തോന്നലില്‍ , പിന്നീടതനുഭവിക്കുമ്പോഴുള്ള ആനന്ദത്തില്‍ അസ്ഥിത്വത്തിന്റെ അലൌകികതയുണ്ട് . യാന്ത്രികതയ്ക്കും ആ അലൌകികതയ്ക്കും തമ്മില്‍ നേര്‍ത്ത ഒരു രേഖയുടെ വ്യത്യാസം മാത്രമേ ഉള്ളൂ എന്ന് ഞാന്‍ തിരിച്ചറിയുന്നു . യാന്ത്രികമെന്ന് എഴുതിത്തള്ളുന്ന , തള്ളിയ ഇപ്പോഴത്തെയുള്‍പ്പെടെയുള്ള ദിനങ്ങള്‍ക്ക്‌ ആ തിരിച്ചരിവിന്റെ മൂല്യം നല്‍കി ജീവന്‍ നല്‍കാന്‍ കൊതിയ്ക്കുന്നു .