Friday, March 9, 2018

നനവ്

                  മഴയ്ക്കും നനയ്ക്കാനാകാത്ത മനസ്സോടെ ഇരുന്ന ഒരു സന്ധ്യയിലായിരുന്നു  വരൾച്ചയുടെ ഉന്നതി ഞാന്‍ അറിഞ്ഞത് . നീണ്ടു പരന്ന മേല്‍ക്കൂരയ്ക്കു മുകളില്‍ ആരും ശ്രദ്ധിക്കാത്ത  ഉയരത്തില്‍ കൊടും മഴയില്‍ കുതിർന്ന് കാലില്‍ മുഖമമർത്തിയിരിക്കുമ്പോൾ മുടിയിഴകൾ സ്പർശമാപിനി കണക്ക് എഴുന്നു നിന്ന് പ്രപഞ്ചത്തെ അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു . ഇറ്റിറ്റു പെയ്ത ഒടുവിലത്തെ തുള്ളികളും കൂടി അകത്തേക്ക് പടരാൻ വൈമനസ്യപ്പെട്ട് വശങ്ങളിലേക്കിറങ്ങുന്നതറിഞ്ഞ് എന്റെ ശിരസ്സ് കുനിഞ്ഞു തന്നെ കിടന്നു .
             ഞാന്‍ എഴുന്നേറ്റു . വെയിലും മാനവും മഴയും സമുദ്രവും നിലാവും നക്ഷത്രങ്ങളും സ്പർശിക്കാതെ ആയതിൽപ്പിന്നെ വരൾച്ച ബാധിച്ചിരിക്കുന്ന ഹൃദയമാണ് . വീണ്ടെടുക്കാൻ ശ്രമിക്കാതെ വെറുതേ നിലനില്‍ക്കുന്നതിൽ അർത്ഥമില്ല . ചുവടുകളുടെ വേഗത വർദ്ധിച്ചു വന്നു.
         പടരാനുള്ള രഹസ്യക്കൂട്ടുകൾ തേടി പുതിയ രസതന്ത്ര സമവാക്യങ്ങൾക്കു വേണ്ടി യാത്ര തന്നെ ചെയ്യണം.ഇതിനപ്പുറം ഗർത്തമോ ആകാശമോ ആകാം  . അറിയണമെന്നില്ല . ഞാൻ കാലെടുത്തു വച്ചു . 
        എനിക്കു മഴ നനഞ്ഞാൽ മാത്രം മതിയായിരുന്നു ..