Wednesday, September 4, 2013

നീയില്ലാത്തത്‌

നിന്നെക്കാണാൻ കൗതുകപൂർവ്വം നോക്കിയ 
കണ്ണുകളെന്നിലില്ല 

നിന്നെത്തിരഞ്ഞ് ഞാനണഞ്ഞ 
ലോകങ്ങളേതുമില്ല 

ഒരു പ്രതീക്ഷയായ് ഭാവനകളിലോ 
വിശ്വാസമായെന്റെയാഗ്രഹങ്ങളിലോ 
നിന്റെ ചിത്രം 
വിദൂരമാമൊരു നിഴൽരൂപം 
നിന്റെ അസ്തിത്വം 
എന്നെത്തേടിയെത്തിയതില്ല 

എന്റെയബോധങ്ങളിലിന്നും നിനക്കിടമില്ലാത്തതിന് 
എനിയ്ക്കൊരുത്തരം വേണം 

ഒരു അഭാവമായ്,ഒരു ശൂന്യസ്ഥലിയായ് പ്പോലും 
ആഴങ്ങളിലെവിടെയും നമ്മൾ കണ്ടുമുട്ടിയില്ലാത്ത -
തെന്തു കൊണ്ടായിരിക്കാം ?!

പ്രണയത്തെക്കുറിച്ചെഴുതാനെനിയ്ക്കറിയാത്ത -
തെന്തു കൊണ്ടായിരിക്കും !!!

Saturday, August 17, 2013

ഇവിടെയായിരുന്നു ...!!

കടലുകൾ കടന്നു പോകാൻ ആവശ്യപ്പെടുന്നവർക്ക് 
പിടഞ്ഞു തിളയ്ക്കുന്ന മൗനം ഉത്തരം 

ജീവനുപേക്ഷിച്ചൊരു ജീവിതം തേടിപ്പോകാൻ ...


ഇവിടെ വറ്റിയുണങ്ങിയൊഴുകും നദികളിൽ 
വിലയം പ്രാപിച്ചു കഴിഞ്ഞൂ ഈ ശ്വാസം 
ഇളങ്കാറ്റായ് തഴുകി വീശിപ്പറക്കേണ്ടതെനിക്കീ മണ്ണിൻ 
കണ്ണീരിടങ്ങളിലായിരുന്നു 
ഒരടയ്ക്കാക്കിളിയെക്കണ്ട കുളിർമ്മയിൽ ,ക്കനത്ത 
കദനം മറന്ന മനസ്സാണെൻ സന്തോഷം 

ഒരു നാൾ എന്ന പ്രതീക്ഷയിലീ വേരുകൾക്കിടയിലായ് 
സ്വഛന്ദമെന്നുമെന്നും വിഹരിച്ചീടുവാൻ 
മറ്റു സാദ്ധ്യതകളിലേക്കൊളികണ്ണു പോലുമെറിയാതെ-
യെൻ കിനാവുകൾ ആശ പറയുന്നു 

Sunday, July 21, 2013

ഓർമ്മകൾക്ക് കൊടുക്കേണ്ടത്

                   മനസ്സ് കലുഷിതമാകുമ്പോൾ,
സ്നേഹത്തിൻറെയോ  കാരുണ്യത്തിന്റെയോ ഒക്കെ അഭാവം അനുഭവപ്പെടുമ്പോൾ എനിയ്ക്കേറ്റവും പോകാനിഷ്ടം കുട്ടികളുടെ അടുത്തേക്കും , തീരെ പ്രായമായവരുടെ അരികിലേക്കുമാണ് . ഉള്ളിലെ എല്ലാ കുറവുകളും ഞൊടിയിട കൊണ്ട് അവർ മാറ്റിത്തരും . നമ്മളെ ഈ ലോകത്തെ ഏറ്റവും സ്നേഹിക്കപ്പെടുന്നവരായി അവർ മാറ്റും . നമ്മുടെ സ്നേഹത്തെ ഈ ലോകത്തെ ഏറ്റവും വിലയേറിയ ഒന്നാക്കിയും .....

     പ്രായമായവർക്ക് വേണ്ടത് എന്താണെന്ന് മനസ്സിലാകും ,, കുറെ നേരം അവർ പറയുന്നത് മുഴുവൻ കേട്ട് കൂടെയിരി ക്കാൻ  ,, അവരുടെ ചെറിയ ചെറിയ ദുശ്ശാഠ്യങ്ങൾ വക വെച്ച് കൊടുക്കാൻ ,,  . കുട്ടികൾക്കും വേണ്ടത് ഇതൊക്കെത്തന്നെയാണ് ,, പക്ഷെ അവർക്ക് യഥാർത്ഥത്തിൽ കൊടുക്കേണ്ടത് കുട്ടിക്കാലം എന്ന അവരുടെ പിൽക്കാലത്തെ ഓർമ്മകളിലേക്ക് ദീപ്തമായ ഒരു പിടി നിമിഷങ്ങൾ ആണ് എന്നെനിക്കെപ്പോഴും തോന്നാറുണ്ട് . രണ്ടു രണ്ടര വയസ്സുകാരൻ പോലും പുതിയ മൊബൈൽ ഫോണുകളിലും കാർടൂണുകളിലും വീഡിയോ ഗെയിമുകളിലും മുഴുകി ഇരിക്കുന്നത് കാണുമ്പോൾ വേദന തോന്നാറുണ്ട് .

     തിരിഞ്ഞ് നോക്കുമ്പോൾ സന്തോഷം തോന്നുന്ന വേദന തോന്നുന്ന നിറവു തോന്നുന്ന ഒരു കാലം. അവിടെ നിന്നും ഊറ്റിയെടുക്കാൻ അവർക്കെന്നും പാഠങ്ങൾ ഉണ്ടാകണം . ഭദ്രമായ ആ നിലത്ത് അവരുടെ തനതായ  സ്വപ്‌നങ്ങളുടെ വേരുകളിറങ്ങണം .

    ആ കുട്ടിയെ അൽപനേരം പഠിപ്പിക്കേണ്ടി വന്നതാണ് . A lamp that stormed to success - പഴകിക്കീറിത്തുടങ്ങിയ തൻറെ പുസ്തകത്തിൽ ആ പാഠമെടുത്തവനെൻറെ കൈയിൽത്തന്നു . 7 ഇൽ ആണ് എന്ന് അപ്പോഴാണ് മനസ്സിലായത് , കണ്ടാൽ നാലിനപ്പുറം പറയില്ല .

     താഴ്ന്ന ജാതിക്കാരനായ , ദരിദ്രനായ  K.R നാരായണൻ വിജയിച്ച കഥ ഞാനവനത് നോക്കി പറഞ്ഞു കൊടുത്തു . ഒരു ഭാവഭേദവുമില്ലാതെ , എൻറെ മുഖത്തേക്കുള്ള നോട്ടം കഴിവതും , അല്ല , പാടെ തന്നെ ഒഴിവാക്കിക്കൊണ്ട് അവനത് കേട്ടിരുന്നു .

     നാരായണൻ .... വാസ് ..ബോറ ...ണ്‍ ... ഓണ്‍ ....ഇരുപത്തി ഏഴ് ഒക്ടോബർ ... ആയിരത്തിത്തൊള്ളായിരത്തി .. ഇരുപത് ..ലയാളം മീഡിയം എങ്കിലും അവൻ വായിക്കുന്നുണ്ട് ,, അർത്ഥമറിയാം . തിരുത്തിക്കൊടുത്തു . വീണ്ടും വായിപ്പിച്ചു . ഒടുവിൽ ,അവസാനിപ്പിക്കുന്നതിനു തൊട്ടു മുൻപായി ഒരു സംഗ്രഹം എന്ന പോലെ - ഈ ലോകം നോക്കുന്നത് ഒരാൾക്ക് പണമുണ്ടോ , അയാൾ വല്യ വീട്ടിലെയാണോ എന്നൊന്നുമല്ല ,, നമുക്ക് വില തരുന്നത് നമ്മുടെ അറിവാണ് , സ്വഭാവമാണ് എന്നോ മറ്റോ ... പുറത്തേക്കോ പുസ്തകത്തിലേക്കോ ഒക്കെ കഷ്ടപ്പെട്ട് മാറി മാറി നോക്കിയിരുന്ന അവൻ ഒരു നിമിഷം കിടുങ്ങി .. പിന്നെ പതിയെ തലയുയർത്തി നേരിട്ട് ,, എൻറെ കണ്ണുകൾക്കകത്തേക്ക്  തുറിച്ചു നോക്കി നിശ്ചലമായി, അനന്തമായി നിന്നു .

         ആ നോട്ടത്തിൻറെ ആഴം താങ്ങാനാകാത്ത വണ്ണം ദുർബലമായിരുന്നു ആ കുരുന്നു കണ്ണുകൾ .. ഒരു ഉത്തരത്തിനെയോ , തിരിച്ചറിവിനെയോ , എരിയുന്ന അനുഭവങ്ങളെയോ ഒക്കെ ആയിരുന്നിരിക്കണം അവനങ്ങനെ , അതു പോലെ , നോക്കി നിന്നത് .     

       ഉള്ളിൽ ഞാൻ സന്തോഷിക്കുന്നുണ്ടായിരുന്നു . ഇവന് ഒരു പാത ഉണ്ടെന്നു മനസ്സ് പറഞ്ഞു.അതിരുകൾക്കപ്പുറത്തെ ചിന്തകളുടെ ഉടമസ്ഥതയും ,, സ്വപ്നങ്ങളും ,, തിരിഞ്ഞു നോക്കുമ്പോൾ ആ പാതയുടെ തുടക്കങ്ങളിൽ നിഷ്കളങ്കതയും അനുഭവങ്ങളും ഇടകലർന്ന ഒരു കുട്ടിക്കാലവും .

      
     

      

    

      

Thursday, March 21, 2013

മങ്ങിപ്പോയ വഴികൾക്ക് വേണ്ടി എഴുതുന്നത് .....

                          പലപ്പോഴും സ്വന്തം നിരുത്തരവാദിത്ത്വങ്ങളുടെ അല്പം ഭീകരമായിപ്പോകാറുള്ള അനന്തരഫലങ്ങൾ     
ഞാനങ്ങനെ ഒറ്റയ്ക്ക് അനുഭവിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നിയോ , സഹതപിച്ചോ  ചില കൂട്ടുകാർ എന്നെ കണക്കിന് ചീത്ത പറയാറുണ്ട് . ഒരു പ്രശ്നത്തിൽ ഒരാളെ കൈയൊഴിയാനുള്ള ഏറ്റവും എളുപ്പമാർഗ്ഗം അയാളെ വഴക്ക് പറഞ്ഞ് കൊണ്ട് കടന്നു പോകലാണ് എന്ന് അങ്ങനെയുള്ള ഒരവസരത്തിൽ അവരുടെയടുത്ത്‌ നിന്നും രക്ഷപ്പെടാൻ ഞാൻ തന്നെ പറഞ്ഞത് ഓർമ്മ വരുന്നു . ( പാവം , അന്നേരത്തെ അവളുടെ മുഖവും.)

             ഇന്നെനിക്കിവിടെ എന്തെങ്കിലും എഴുതണമെന്ന് ആഗ്രഹം തോന്നുന്നു . ഇടയ്ക്ക് തോന്നാറുണ്ട് . പക്ഷെ , ഇന്ത്യയെക്കുറിച്ച് വെറുപ്പോടെ എഴുതിയ ഒരു പോസ്റ്റിൽ നിന്നിങ്ങോട്ട് ഒന്നും ചിന്തിക്കാനോ , എഴുതാനോ പറ്റിയിട്ടില്ല എന്നതാണ് കാര്യം . എന്നിലെ സമാധാനത്തിന്റെ ഒരംശം ഞാനറിയാതെ അതിന് കൊണ്ട് പോകാൻ കഴിഞ്ഞു എന്നതിന് എന്തോ ഒരു പ്രസക്തിയുണ്ടെന്ന് എനിയ്ക്ക്  വെറുതെ തോന്നുന്നു . 

         നിസ്സാരമോ , ഗൗരവമോ ആകട്ടെ ,,ചില കാര്യങ്ങൾ ,ചില points നമ്മളെ കാലത്തിൽ ബന്ധനസ്ഥരാക്കി നിർത്തും . യാത്ര തുടരണമെങ്കിൽ ,തിരിച്ച് ആ point വരെ പോയേ പറ്റുള്ളൂവെന്നും , എത്ര ഒഴിഞ്ഞുമാറി സഞ്ചരിക്കാൻ  ശ്രമിച്ചാലും മുന്നോട്ടുള്ള വഴികൾ തെളിയണമെങ്കിൽ അത് നിർബന്ധമാകുമെന്നും ഇടയ്ക്കെങ്കിലും ഞാനറിഞ്ഞിട്ടുണ്ട്‌ . 

ചില ക്ഷമാപണങ്ങൾക്ക് , ഏറ്റുപറച്ചിലുകൾക്ക് , പൂരിപ്പിക്കലുകൾക്ക് ജീവിതത്തിൽ ഒരുപാട് ചെയ്യാനുണ്ടാകുന്നത് ഈയൊരു context ലാണ് എന്ന് തോന്നുന്നു . 

          ഞാൻ ചെയ്തത് അതായിരുന്നു ,,പഴി പറഞ്ഞു കൊണ്ട് കടന്നു പോകൽ . 

          എന്തെങ്കിലും ചെയ്യാനുണ്ടാകും നമുക്ക് ,, എന്തോ ചെയ്യാനുണ്ടാകും . ഒരു പ്രാർഥനയായെങ്കിലും .  എത്ര നിസ്സാരമാണെങ്കിലും അതിനീ കുറ്റം പറച്ചിലുകളേക്കാൾ മഹത്വമുണ്ടായിരിക്കും . 


           ഭൂഖണ്ഡമെന്നും രാജ്യമെന്നും സംസ്ഥാനമെന്നുമൊക്കെ നമ്മളായുണ്ടാക്കിയെടുത്ത അതിർത്തികൾക്കപ്പുറത്ത്  മനുഷ്യർ എന്ന സത്യമുണ്ട് ,. ചില മനസ്സുകളുടെ സാധാരണത്വം സൃഷ്ടിക്കുന്ന അസാധാരണത്വങ്ങളിൽ ഞാൻ അത്ഭുതം കണ്ടിട്ടുണ്ട് . എല്ലാത്തിനിടയിലും അവിടങ്ങളിൽ ഇനിയും നമ്മുടെ  പ്രതീക്ഷകളുണ്ട് . 
                          

                       ************************

         
                         ആദ്യമായി കടല്‍  കണ്ടത്  ഓര്‍മ്മിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍ . അന്നത്തെ അന്ധാളിപ്പില്‍ താളം തെറ്റിപ്പോയിരുന്നിരിക്കാവുന്ന  ആ ഒരു ഹൃദയമിടിപ്പിനെ .  ആദ്യമായ്  കടൽ  കാണിച്ചു തന്ന വ്യക്തിയോടൊപ്പം ചിപ്പി വെട്ടിക്കളിച്ച് കൊണ്ട് കടല്‍ത്തീരത്തിരിക്കവേ , കാതിലിരമ്പിയ കടലാണ് പക്ഷേ എന്റെ ആദ്യ ഓര്‍മ്മകളില്‍ . 

   അനേകവർഷങ്ങൾക്കിപ്പുറവും  ഓര്‍മ്മകളിലുള്ളത് അവരെനിയ്ക്ക് തന്ന സ്നേഹമാണ് ... കടല്‍ ...

     അതിന്റെ അഗാധതയാണ് എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളത് .. 

      ഭൂമിയിലെ ഏറ്റവും മനോഹരമായ ഇടം മനുഷ്യന്റെ മനസ്സാണെന്ന് പാടിയത് ഏതു കവിയായിരുന്നു !!!

   

   

        
            

          

Saturday, January 12, 2013

വെറുക്കുന്നു ഞാന്‍

ഇന്ത്യയെ വെറുക്കുന്നു ,, ഇപ്പോഴെങ്കിലും ..

 ഇനിയൊരിക്കലും എന്‍റെ നാട് ആനയാണ് , ചേനയാണ് ,, ഇവിടം വിട്ട് മറ്റൊരിടത്തും ജീവിക്കുന്നതിഷ്ടമല്ല എന്ന് ഞാന്‍ പറയില്ല .

ജനഗണമന കേള്‍ക്കുമ്പോള്‍ ആത്മാര്‍ഥമായി ഒരിക്കലും ഇനി ഞാന്‍ എഴുന്നേറ്റു നില്‍ക്കില്ല .

'ഭീകരമായ അരക്ഷിതാവസ്ഥയില്‍ നിമിഷം തോറും ഉരുകി ജീവിക്കുന്ന രാജ്യക്കാരില്ലേ ,, അവരെയപേക്ഷിക്കുമ്പോള്‍ എന്തെല്ലാം കുറവുകളുണ്ടെങ്കിലും സ്വര്‍ഗമാണ് ഇന്ത്യ ..'അറിയാതെ പോലും നിന്നെ ഞാനിനി അങ്ങനെ വിശേഷിപ്പിക്കില്ല .

സ്ത്രീയുടെ മാനത്തിന് പുല്ലുവില പോലും കല്‌പ്പിക്കില്ല എന്ന് വീണ്ടും വീണ്ടും വീണ്ടും വീണ്ടും വീണ്ടും ധിക്കാരത്തില്‍ വിളിച്ചു പറയുന്ന നിന്നെയോര്‍ത്ത് എന്തിനു വേണ്ടിയിനി അഭിമാനം കൊള്ളണം ? ഇതളവുകോലാണ് ,, മറ്റേതൊരു കാര്യവും അളക്കാനുള്ള ....

"സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ -
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും ..."

വിശ്വാസമേറുന്നു ,, മുകളിലുള്ളവനോട് ,, അവനൊരുക്കി വെച്ച JUDGEMENT ദിവസത്തോട് ...