Thursday, November 29, 2012

വെറുതെ ...

               പലപ്പോഴും ഉള്ളിലെ ഒരായിരം ചിന്തകള്‍ തിരിച്ചറിയാനും വിവേചിച്ചറിയാനും ഒരു പേനയുടെ മഷിയുരുളണം . ഉള്ളിലാരോ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു .   ഹൃദയങ്ങളുമായുള്ള മാര്‍കേസിന്‍റെ സംവാദത്തില്‍ അസൂയ അല്ല കൊതി പൂണ്ട ഒരു പെണ്‍കുട്ടി അകത്തു കിടന്നു പിടയ്ക്കുന്നു . പ്രണയത്തെ ആഗ്രഹിക്കാന്‍ പോലും അറിവില്ലാത്ത ഒരു കുട്ടി യാഥാര്‍ത്യങ്ങള്‍ക്ക് മുന്‍പില്‍ ചോദ്യച്ചിഹ്നങ്ങളുമായിരിക്കുന്നു .

       ചെവിയില്‍ തീവണ്ടി കുതിച്ചു പായുന്ന ശബ്ദം. അന്ധകാരത്തെ , നിശബ്ദതയെ ഭേദിച്ച് ..
      അങ്ങ് ദൂരെ കാണാം ,,ഇടയില്‍ ഒരു കമ്പാര്‍ട്ട്മെന്‍റില്‍ മാത്രം ഇളം വെളിച്ചമുണ്ട് .

        സ്വപ്‌നങ്ങള്‍ .. സ്വപ്നങ്ങളാണ് . ഇരുട്ടില്‍ തണുത്ത കാറ്റില്‍ പറന്നിളകുന്ന മുടിയിഴകളും ഒഴുകുന്ന ഈ പേനയും അകലേക്ക്‌ നട്ട കണ്ണുകളും എഴുതുന്നത്‌ സ്വപ്നങ്ങളാണ് ..

    ഈ കോറിഡോറിന്‍റെ കമ്പിയഴികളിലൂടെ ഒരു ജയിലിലൂടെന്ന വണ്ണം ആകാശത്തെ ഞാന്‍ കാണുന്നു .ആ വിശാലതയിലേക്ക്‌ നോക്കുമ്പോള്‍ കൂടെയുണ്ടെന്ന ഒരു  തോന്നല്‍  തരുമായിരുന്ന നക്ഷത്രങ്ങള്‍ ഒന്നു പോലും ഇല്ലാതെ . ഇടയ്ക്കേതോ തെളിഞ്ഞു വരുന്നു അപ്പോള്‍ത്തന്നെ മങ്ങിപ്പോകുകയും ,, സൗകര്യപൂര്‍വ്വം . പക്ഷേ ഈ വിശാലത ,, അതു മാത്രം ..സത്യമാണ് .

      ജീവിതം കാത്തു വെച്ചിരുന്ന അത്ഭുതം മരണമാണ്. ഏറ്റവും ഒടുവിലത്തെ നിമിഷങ്ങള്‍ക്ക് വേണ്ടിയും മരണത്തിന് ശേഷമുള്ള ജീവിതത്തിലേക്കുമാണ് എന്തൊക്കെയോ  കരുതി വെച്ച് കൊണ്ടിരിക്കുന്നത് . പക്ഷെ എന്‍റെ തുലാസ്സില്‍ കനം തൂങ്ങുന്നത് ഒടുവിലത്തെ ആ കുറച്ചു നിമിഷങ്ങള്‍ക്കാണ് ,,ആണ് എന്ന് മനസ്സിലാകുമ്പോള്‍ അറിയാതാകുന്നത് കരയണോ ചിരിക്കണോ എന്ന് മാത്രമാണ് .

      എന്തു മറിമായമെന്നറിയില്ല , നഷ്ടബോധങ്ങളില്‍ എനിക്കിരിക്കാന്‍ കഴിയുന്നുണ്ട് .  ഒന്നും ചെയ്തിട്ടില്ല ഞാന്‍ എന്ന് പറയാന്‍ എനിക്ക് കഴിയുന്നുണ്ട് . 
        അനാഥനായ ഒരു കുട്ടിയുടെ , കുറച്ചു കുട്ടികളുടെ സ്നേഹം നേടാന്‍ ശ്രമിച്ചതിനെ നോക്കിയായിരുന്നു ഞാന്‍ നേടി എന്നു ഞാന്‍ പറഞ്ഞത് .
       വളരെ കൃത്യമായ ചില സമയങ്ങളില്‍ ഒഴുകിയിറങ്ങിയ കണ്ണീരിനെയും , മനപൂര്‍വ്വം കേള്‍ക്കാതിരുന്ന ചില വാക്കുകളെയും കാണിച്ചാണ് ഞാന്‍ നേടി എന്ന് മനസ്സിനെ പറഞ്ഞു ഞാന്‍ വിശ്വസിപ്പിച്ചത്‌ 
        വിചിത്രമായി ഇപ്പോള്‍ തോന്നുന്നു .

        അലങ്കാരങ്ങളില്ലാതെ , ചമയങ്ങളില്ലാതെ , മറ്റൊരാള്‍ എന്ത് കരുതുമെന്ന് അശേഷം ചിന്തിക്കാതെ , ഞാനെന്‍റെ അല്ല ആരുടെയോ വാക്കുകള്‍ക്ക് മുന്‍പിലിരിക്കുന്നു . അദൃശ്യമായ ഒരു സ്വാതന്ത്ര്യം , ഒരു ലിബറേഷന്‍ എനിക്കതനുഭവപ്പെടുന്നുണ്ട് .

       എപ്പോഴെങ്കിലുമൊക്കെ സ്വയം എത്തി നില്‍ക്കുന്നതെവിടെയെന്ന്‍ പറയണം , ഉച്ചത്തില്‍ അറിയണം . അല്ലെങ്കില്‍ അപകടമുണ്ട് ,, അബദ്ധസങ്കല്പങ്ങളില്‍ ജന്മം അറിയാതെ പാഴായിപ്പോകുമെന്ന അപകടം .

      ജീവിക്കാന്‍ വേണ്ടതും പലപ്പോഴും അല്ല മിക്കപ്പോഴും ഇല്ലാത്തതും ധൈര്യമാണ് എന്ന്  എനിക്കിപ്പോ തോന്നുന്നതെന്തു കൊണ്ടായിരിയ്ക്കും ? 

    അറിയാം , എനിക്കില്ലാതെ പോയത് , പോകുന്നത് അതു തന്നെയാണ് .

      എന്‍റെ വാചകങ്ങളില്‍ നിന്നും ഭാരം എടുത്തു മാറ്റപ്പെടുന്നു . ഇതൊരു പക്ഷേ ഞാന്‍ കാത്തിരുന്ന നിമിഷങ്ങളായിരിയ്ക്കാം  .

      

Sunday, November 4, 2012

ഇടപെടലുകളില്‍ ഉണ്ടാകുന്നത്,,,,

 ഇടപെടുന്നില്ല ഒന്നിലും .. ചെയ്യുമായിരുന്നു മുന്‍പൊക്കെ . പക്ഷെ വേണ്ട സമയത്ത് വേണ്ടത് പോലെയല്ല ചെയ്യുന്നത് എന്ന തോന്നല്‍ വന്നപ്പോള്‍ പതിയെ പിന്‍വലിഞ്ഞു തുടങ്ങി . അനാവശ്യമായി ഊര്‍ജ്ജം ചിലവഴിക്കുകയാണെന്ന തോന്നല്‍ ... പതിയെ നിലപാടുകളില്‍ neutrality ...പിന്നെ വന്നു വന്ന് ഒന്നും വിവേചിച്ചറിയാന്‍ പറ്റാതായി ,, ഇടപെടല്‍ ആവശ്യമുള്ളതെന്ത് ഇല്ലാത്തതെന്ത് എന്നൊക്കെ ...
   
        ശരിയാണ് എന്ന് ബോധ്യമുള്ള കാര്യങ്ങള്‍ ചെയ്യാനായി ഇറങ്ങിപ്പുറപ്പെടുമ്പോള്‍ അതില്‍ നിന്നും ലഭിക്കുന്ന ഒരു ഊര്‍ജ്ജമുണ്ടല്ലോ അത് വളരെ വലുതായിരിക്കും എന്ന് എന്‍റെയൊരു സുഹൃത്ത്‌ ഈയടുത്ത് പറയുകയായിരുന്നു ,,സംഭവബഹുലവും അതിസാഹസികവും നാടകീയവുമായി അവരുടെ ഒരു "ശരി" സക്ഷാത്ക്കരിച്ചതിന്‍റെ ആവേശത്തില്‍ ...
അതിനേക്കാള്‍ inspiring ആയി മറ്റൊന്നും ഞാനീയടുത്ത് കേട്ടിട്ടില്ല എന്ന് തോന്നുന്നു  !!

        കഴിഞ്ഞ ദിവസം ഒരു ഫ്രണ്ടിന്‍റെ convocation ceremony-ക്ക് പോയിരുന്നു ,, അവള്‍ MBBS ഡിഗ്രി വാങ്ങുന്നത് കാണാന്‍ . അവളുടെ സ്വപ്നത്തിനും profession ഉം ഒരേ നിറമാണ് എന്നത് അവളത് കൈപ്പറ്റുന്ന കാഴ്ച എനിക്കെന്നും പ്രിയപ്പെട്ടതാക്കിയിരിക്കുന്നു ...  അവിടെ ഒരു യുവ ഡോക്ടര്‍ തന്‍റെ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മനസ്സില്‍ നിന്നും മായുന്നില്ല ..

        കാസര്‍ഗോഡ്‌  ആണ് 5 വര്‍ഷങ്ങളായി അവര്‍ ജോലി ചെയ്യുന്നത് ,,എന്ടോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളില്‍ .. Make others happy എന്ന് കേള്‍ക്കുമ്പോള്‍ പണ്ടൊക്കെ ഏ ,ഇതെന്താണീ പറയുന്നത് എന്ന് തോന്നിയിരുന്നു , പക്ഷെ ഇപ്പോള്‍ അവിടെയുള്ള കുറെ ജീവിതങ്ങള്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍ ബോധ്യമാകുന്നു ,,life is all about making others happy എന്നെല്ലാം .


         അവരുടെ കോളേജ് farewell ദിവസം രാത്രി ഹോസ്റ്റല്‍ മുറിയില്‍ അവര്‍ മൂന്ന് സുഹൃത്തുക്കള്‍  സ്വപ്നതുല്യമായ ഒരു ജീവിതം അവസാനിക്കുന്നതിന്‍റെ വേദനയിലിരിക്കെ ഇനിയങ്ങോട്ടും എന്നും ഒപ്പം ഉണ്ടാകുമെന്ന് തീരുമാനിച്ചത് ,,പിന്നീട്  വ്യക്തമായ ചില causes നു വേണ്ടി ഒപ്പം നില്‍ക്കുന്നതിലേക്കാണ് ആ തീരുമാനം അവരെ വളര്‍ത്തിയത്‌ എന്നൊക്കെ .. ആ സൗഹൃദങ്ങള്‍  സത്യത്തില്‍ എന്നെ മോഹിപ്പിക്കുന്നു. .

        WHO-ല്‍ എന്ടോസള്‍ഫാനെതിരെ സംസാരിക്കാന്‍ പോയതൊക്കെ വളരെ ചുരുക്കി ഒരു വാക്യത്തിലൊക്കെ ഒതുക്കി  അവര്‍ പറയുമ്പോള്‍  സത്യത്തില്‍ അവര്‍ പറയുന്നത് അവരെന്ത് ചെയ്യുന്നു എന്നായിരുന്നില്ല നമുക്ക് ചുറ്റും ഒരു പക്ഷെ വളരെ അടുത്ത് തന്നെ നമ്മുടെ ശബ്ദവും  കൈകളും  മനസ്സും ആവശ്യമുള്ളവര്‍ ഉണ്ട് എന്ന് തന്നെയായിരുന്നു .

           എനിക്ക് തോന്നുന്നത് ജീവിതം എന്നാല്‍ നമ്മുടെ സാഹചര്യങ്ങളോ നമ്മുടെ നേട്ടങ്ങളോ നഷ്ടങ്ങളോ ദുരിതങ്ങളോ മറ്റ് അവസ്ഥകളോ ഒന്നും തന്നെ അല്ലായെന്നാണ് ..

            നമുക്ക് ചെയ്യാന്‍ ഉള്ള കാര്യങ്ങളാണ് നമ്മുടെ 
ജീവിതം .. ഏത് അവസ്ഥകളില്‍ നിന്നും ഈ തിരിച്ചറിവ് എന്നെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാറുണ്ട്. അതിന് ഒരുപാട് നന്ദിയുണ്ട് ദൈവത്തോട് .. ഉള്ളിലെ  ശൂന്യസ്ഥലികള്‍ ചിലതൊക്കെ മരണം വരെ അത് പോലെ കിടക്കട്ടെ ,, അനന്തമായി കൊടുത്താലും നിറയാതെ ,, ഒരിക്കലും ത്രിപ്തിയടയാതെ .. 

          ബലി പെരുന്നാളിന് തറവാട്ടില്‍ എല്ലാവരും ഒത്തു കൂടിയപ്പോഴാണ് ബോധം വന്നത് . ഇഴഞ്ഞും , കരഞ്ഞും , പിച്ച വെച്ചും , വീണും ഒക്കെ ഒരു കുട്ടിപ്പട്ടാളം തന്നെയുണ്ട്‌ . ഞങ്ങളെ വകഞ്ഞു മാറ്റി ഒരു പുതിയ തലമുറ . അവര്‍ക്ക് കൊടുക്കാന്‍ എന്താണുള്ളതെന്ന് ആശ്ച്ചര്യപ്പെടുകയായിരുന്നു ഞാന്‍ .. 

       ഈ ലോകത്ത് നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്ന് പറയപ്പെടുന്ന കാര്യങ്ങള്‍ക്കൊക്കെ സ്വയം ഒരു ഉത്തരമാകണമെന്ന് അവര്‍ക്ക് കാണിച്ച് കൊടുക്കാന്‍ എനിക്കാഗ്രഹം തോന്നുന്നു ..

      ഒരു dictionary യുടെ താളുകളില്‍ കണ്ടു മുട്ടിയതില്‍ നിന്നിങ്ങോട്ട് ഉള്ളില്‍ inscribed ആയിപ്പോയ ഒരു ആശയമുണ്ട് .അതെത്ര ചെറിയ അളവില്‍ വന്നാലും എത്ര മാത്രം ഭീകരമായി കണ്മുന്നില്‍ പെട്ടാലും അറിഞ്ഞു കൊണ്ട് അതില്‍ നിന്നും ഒളിച്ചോടിപ്പോകേണ്ട ഗതികേട് ജീവിതാന്ത്യം വരെ ഉണ്ടാകല്ലേ എന്നത് ഒരു പ്രാര്‍ത്ഥനയാണ്  .
                          
                                   TAKE SIDES
NEUTRALITY ALWAYS HELPS THE TORMENTOR, NEVER THE TORMENTED.
IT HELPS THE OPPRESSOR, NEVER THE OPPRESSED.

       .......................................................................

    ആരെങ്കിലും ഒരാള്‍ , ഒരാള്‍ എഴുന്നേറ്റു നിന്നിരുന്നെങ്കില്‍ , പുറകില്‍ എഴുന്നേല്‍ക്കാമായിരുന്നു എന്ന് ചിന്തിച്ച് നമ്മളിരിക്കുമ്പോള്‍ ,,, അതു പോലെത്തന്നെ ആഗ്രഹിച്ച് ഇരിക്കുന്ന ഒരു ഭൂരിപക്ഷം നമ്മുടെ ചുറ്റിലും അദൃശ്യമായുണ്ടത്രേ  ..