Tuesday, October 6, 2015

ഡയറി 2015

          2015 ലെ ഡയറിയുടെ താളുകളിൽ മഷിയുരുളുന്നത് ആദ്യമായി ഇപ്പോഴാണ്‌ . എന്തു കൊണ്ടോ എഴുതുന്നതിനേക്കാൾ എനിക്കിപ്പോൾ ഇഷ്ടം സംസാരിക്കാനാണ് . സ്വയം അടയാളപ്പെടുത്തണമെന്നും express ചെയ്യണമെന്നും ഇപ്പോൾ ആഗ്രഹിക്കുന്നത് പറയപ്പെടുന്ന വാചകങ്ങളിലൂടെയാണ് .മുൻപ് , അതങ്ങനെയായിരുന്നിട്ടില്ല. എന്നിരിക്കെത്തന്നെ ,എന്നത്തെക്കാളും കൂടുതൽ സ്വയം നിശബ്ദയായിപ്പോകുന്നതും ഞാൻ ഇപ്പോഴാണ്‌ .

          ഇത്ര വയസായിട്ടും മലപ്പുറത്തെ മുസ്ലിം പെണ്‍കുട്ടിയായിട്ടും വിവാഹം എന്തേ ഇതു വരെ കഴിഞ്ഞില്ല നിൻറെ , എന്ന പരിചിതരുടെയും അപരിചിതരുടെയും നോട്ടങ്ങളും സഹതാപസംശയാദികളും എന്നിലെ മൗനത്തെ ഊട്ടിയുറപ്പിക്കുന്നു .

          സഹതാപം കൊണ്ടു തന്നെ എന്ന് ഞാൻ സംശയിക്കുന്ന എൻറെ സുഹൃത്തുക്കൾ പാലിക്കുന്ന ഒരു ഹൃദയതാളത്തിൻറെ അകലം ആ നിശബ്ദതയ്ക്കു വളമേകുന്നു .

          ഒരു dental surgeon എന്ന എൻറെ profession ഉം തീരെ professional അല്ലാത്ത ഞാനും തമ്മിലുള്ള ഏറ്റക്കുറച്ചിലുകൾ ഏറി വരുന്നത് എന്നെ അലോസരപ്പെടുത്തുന്നു. 

         ഒരു പെണ്‍കുട്ടിയെന്ന നിലയിൽ  (സ്ത്രീയെന്നു വിളിച്ചു തുടങ്ങിയിട്ടില്ല ഞാനെന്നെ ), ഈ സമൂഹത്തിൽ നിന്നു കൊണ്ട് എൻറെ സ്വാതന്ത്ര്യത്തെ എങ്ങനെ define ചെയ്യുമെന്നത് എല്ലാ ഓരോ നിമിഷവും എന്നെ മഥിച്ചു കൊണ്ടിരിക്കുന്നു .

                 തൻറെ സ്വാതന്ത്ര്യം നഷ്ടമാകാതിരിക്കാൻ കഴിവതും എല്ലാവരിൽ നിന്നും ഒഴിഞ്ഞു മാറി, ഒരു എകാന്തപഥികയായി നടക്കുന്ന എന്നെ ഞാൻ കാണുന്നു . 

                സത്യമാണ്  .. എനിക്കു നടന്നാൽ മതി ,നടന്നു കൊണ്ടിരുന്നാൽ മതി .
   
           താങ്ങിയ കൈകളിൽ മുഖം അമർത്തി ആകാശത്തേക്കു നോക്കിയിരിക്കുന്ന ഒരു കുഞ്ഞുപെണ്‍കുട്ടിയുടെ നിശ്ചലമായ കണ്ണുകളിലാണ് എന്നെക്കുറിച്ചുള്ള എൻറെ ആദ്യ ഓർമ്മകൾ തുടങ്ങുന്നത് . എന്തിലേക്കാണ്‌ എന്തിനെയാണ് എന്നൊന്നും അറിയില്ലെങ്കിലും പിൽക്കാലങ്ങളിൽ എപ്പോഴോ സ്വപ്നം എന്ന മനോഹരമായ പദം രംഗപ്രവേശം ചെയ്തു .

          എന്തിനേയും ഏതിനെയും ഞാൻ സ്വപ്നമെന്നു വിളിച്ചു തുടങ്ങി.

           വന്നു വന്നു വന്നു വന്ന് ,സ്വന്തം മുൻപിൽ നിലനില്ക്കാൻ എനിയ്ക്കാ അവ്യക്തതകളെ നിറവേറ്റിയേ ഒക്കൂ എന്ന സ്ഥിതി വന്നു ചേർന്നിരിക്കുന്നു .

       എന്നോടു ചോദിക്കൂ അവയുടെ പേരെന്തെന്ന് ,നിറം രൂപം എന്തെന്ന് ...!

       എൻറെ ശിരസ്സ്‌ കുനിഞ്ഞു പോകുന്നത് കാണാം .ഞാൻ കണ്ണുകൾ വെട്ടിച്ചേക്കാം . അവ്യക്തമായി എന്തെല്ലാമോ ഉച്ചരിച്ച് ഞാൻ വിഷയം മാറ്റിക്കളഞ്ഞേക്കാം .

           
        നീ വിഷമിക്കേണ്ട , ഇതൊരു സാധാരണ അവസ്ഥയാണ്‌ ,ഒറ്റ വാക്കിൽ പറഞ്ഞാൽ ....

       "അരുത് ,പറയരുത് .. ഒറ്റ വാക്കിൽ എന്നെ പറഞ്ഞു തള്ളരുത് .കാരണം,ഇതു മാത്രമാണ് ഞാൻ .."

        ഒരു ദിവസം വരും. ഒരു നിമിഷം വരും.                        **************************
         

"എന്തായി public speaking ഒക്കെ ,വല്ലതും നടക്കുമോ "

"എവിടെ സ്പീക്ക്‌ ചെയ്യാനാണ് ,എന്തായാലും അടുത്ത ആഴ്ച ഒരു coaching session ഉണ്ട് ,കോഴിക്കോട് .ഒന്നു പോണം ."

"ആഹാ !അപ്പോൾ സീരിയസ് ആയിട്ടാണല്ലോ "

"പിന്നല്ലാതെ , ഞാൻ കുറച്ചു ധൃതിയിലാണ് .കല്യാണമെങ്ങാൻ അഥവാ ഉണ്ടായാലോ ,എനിക്കെന്നെ അല്പമൊന്നു define ചെയ്യണം ,അതിനു മുൻപ് ."
                                  ***********

"എനിക്കൊരു മോഹം -വലിയൊരു മോഹം

 എനിയ്ക്കു ഞാനൊരു കവിതയാകണം" 
                                                        - കുഞ്ഞുണ്ണിമാഷ്