Monday, July 30, 2012

My Compensation And The Blessed..

               ഉറക്കത്തില്‍ കാണുന്ന സ്വപ്‌നങ്ങള്‍ പണ്ട് ഞാന്‍ എഴുതി വെയ്ക്കാറുണ്ടായിരുന്നു,, കണ്ടത് എഴുതിപ്പഠിയ്ക്കുകയാണെന്ന് room mates ല്‍ ആരോ കളിയാക്കിയതോര്‍ക്കുന്നു . വെള്ളവും പര്‍വ്വതനിരകളും സ്ഥിരം പശ്ചാത്തലങ്ങളാകുന്ന എന്റെ സ്വപ്നങ്ങളില്‍ സുനാമി , വെള്ളപ്പൊക്കം , അടിയൊഴുക്കുകള്‍ , പര്‍വ്വതങ്ങള്‍ ചാടിക്കടന്നുള്ള ഓട്ടങ്ങള്‍ , gravity നഷ്ടപ്പെട്ട് ഇതു വരെ കാണാത്ത ലോകങ്ങളിലേക്കുള്ള പറക്കലുകള്‍ , അങ്ങനെയങ്ങനെ മാറിയും മറിഞ്ഞും വിഷയമായി വരാറുണ്ട് .


             ആ ഒരു പ്രപഞ്ചം, ഒരിക്കലും നഷ്ടപ്പെടരുതേ എന്നാഗ്രഹിയ്ക്കുന്ന ഒരു അമൂല്യതയാണെനിയ്ക്ക് . അടിയൊഴുക്കില്‍ പെട്ട് ഞാനൊലിച്ചു പോകുന്നതിനിടയില്‍  അടിത്തട്ടിലെ വള്ളിപ്പടര്‍പ്പുകളില്‍ കുടുങ്ങിക്കിടന്ന ആ പിഞ്ചുകുഞ്ഞിനെ രക്ഷിക്കാന്‍ പറ്റിയതൊക്കെ ഒരു സ്വപ്നം മാത്രമായിരുന്നെന്ന ബോധം എന്റെ ഉപബോധമനസ്സിനില്ല . അതു കൊണ്ടു തന്നെയാണ് അതൊക്കെ ഓര്‍മ്മയിലേക്ക് വരുമ്പോള്‍ , എന്റെ എത്ര down and depressed നിമിഷങ്ങളും അനിര്‍വചനീയമായ ഒരു ഊര്‍ജ്ജത്താല്‍ നിറയാറുള്ളത് . ശരിയ്ക്കും ,,അതൊക്കെ എന്നെ ജീവിയ്ക്കാന്‍ പ്രേരിപ്പിക്കാറുണ്ട് .


           ദൈവം എനിയ്ക്കറിഞ്ഞു തന്നതാണതെന്ന്‍ ഇടയ്ക്ക് ഞാന്‍ ചിന്തിയ്ക്കാറുണ്ട് . ചെറിയ ഒരു compensation  പോലെ . ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്നം, ഉണര്‍ന്നിരിയ്ക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നതെന്തോ അതാണ്‌ എന്ന്‍ നമ്മുടെ അബ്ദുല്‍ കലാം വ്യാഖ്യാനിച്ച അങ്ങനെയൊന്ന് എന്റെ ജീവിതത്തില്‍ വാക്കുകള്‍ കൊടുത്ത് പറയാനോ അവ്യക്തമായല്ലാതെ ചിന്തിക്കാനോ ഇപ്പോള്‍ വരെ ഉണ്ടായിട്ടില്ല എന്നതു തന്നെയാണ് കാരണം .


        അങ്ങനെയല്ല ഞാന്‍ എന്ന വളരെ അബദ്ധമായ ഒരു ധാരണ എനിയ്ക്കുണ്ടായിരുന്നു . ചീട്ടുകൊട്ടാരം തകര്‍ന്നത് അന്നായിരുന്നു ... എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ അന്നു ഞങ്ങള്‍ സമയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു . പൊടുന്നനെ ഒരു കടലാസ്സും പേനയും കൈയില്‍ തന്ന് അവളെന്നോട് എന്റെ സ്വപ്‌നങ്ങള്‍ അക്കമിട്ടെഴുതാന്‍ പറഞ്ഞു . "ഇതൊക്കെയെന്ത് " എന്ന സലിം കുമാര്‍ ഭാവത്തില്‍ ഞാനാ കടലാസ്സിന് മുന്നിലിരുന്നതും പിന്നീടുണ്ടായ തിരിച്ചറിവില്‍ എന്റെ ഉള്ള്‌ വിറച്ചതും ഇപ്പോഴും എനിയ്ക്കോര്‍മ്മയുണ്ട് .
        അങ്ങനെ മങ്ങിയ കുറേ കാഴ്ചകളെയും 'എന്തോ ഒന്ന് ' ചെയ്യാനുള്ള ഉള്ളിലെ പിടച്ചിലിനെയും സ്വന്തം ത്രപ്തിയ്ക്കു വേണ്ടി എന്റെ സ്വപ്‌നങ്ങള്‍ എന്ന് ഞാന്‍ പേരിട്ടു വിളിച്ചു . ആ പിടച്ചിലില്‍ ചെയ്തു കൂട്ടുന്ന എന്തിനെയൊക്കെയോ ഞാനെന്റെ സ്വപ്നസാക്ഷാത്കാരങ്ങളെന്ന് വിശ്വസിച്ചു .
        എനിയ്ക്കിങ്ങനെയൊക്കെ ചെയ്യണം , ഇന്നതാണെന്റെ ആഗ്രഹം എന്ന്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞ ചിലരെ ഞാന്‍ പരിചയപ്പെട്ടത്‌ ... പാതിയിലധികം ദൂരം നടന്നു കഴിഞ്ഞവര്‍ , തങ്ങള്‍ പോലുമറിയാതെ . The Blessed എന്ന് എന്റെ മനസ്സ് അവരെ ഉച്ചത്തില്‍ വിളിയ്ക്കുന്നത് ഞാന്‍  കേട്ടു .


         ഉള്ളിലെ അജ്ഞാതമായ പിടച്ചിലുകളുടെ എല്ലാ വേദനയോടെയും എനിയ്ക്കവരോടു പറയണമെന്നുണ്ട് ,, വൈകിക്കാതെ ബാക്കിയുള്ള ആ അല്പദൂരം കൂടി നടക്കാന്‍ ... അല്ലെങ്കില്‍ 'അറിഞ്ഞു കൊണ്ടുള്ള ' യാത്രയ്ക്ക് തുടക്കം കുറിയ്ക്കാന്‍ ...


          കഴിഞ്ഞ ദിവസം എന്റെ കസിന്‍ അയച്ച message .
            " If you wait, all that happens is, you get older."


    
       വെറും തുടക്കം കുറിയ്ക്കലുകളില്‍ മാത്രം നമ്മുടെ മുന്നില്‍ വ്യക്തമായി വ്യക്തമായി വരുമെന്നുള്ള  വഴികളില്‍ ഞാന്‍ വിശ്വസിയ്ക്കുന്നു . ആ വഴികള്‍ക്ക്  ജീവിതത്തിനു നല്‍കാന്‍ കഴിയുമെന്നുള്ള  നിറവിലും .......


     


                                                

Sunday, July 22, 2012

വെളിച്ചം

                      പത്താം ക്ലാസ്സിനു ശേഷം ഹോസ്റ്റലില്‍  താമസിച്ചു തന്നെ പഠിയ്ക്കണമെന്നു നിര്‍ബന്ധം പിടിച്ചത് കുറെ ജീവിതം  കാണണമെന്നും അനുഭവങ്ങളുണ്ടാകണമെന്നും ഉള്ളില്‍ വെളിച്ചവും പുറത്ത് വ്യത്യസ്തതയുമുള്ള ഒരുപാട് പേരെ പരിചയപ്പെടണം എന്നൊക്കെയുള്ള ആഗ്രഹങ്ങള്‍ മനസ്സില്‍ വെച്ചായിരുന്നു . പത്തു വര്‍ഷം എത്തി നില്‍ക്കുന്ന ഹോസ്റ്റല്‍ ജീവിതം കൊണ്ട് പക്ഷെ ഏറ്റവും കൂടുതല്‍ ഞാന്‍ തിരിച്ചറിഞ്ഞത് സ്വന്തം വീട്ടിലെ , നാട്ടിലെ ഞാന്‍ കണ്ടും കേട്ടും വളര്‍ന്ന മുഖങ്ങള്‍ക്കുള്ളിലെ വെളിച്ചവും വ്യതിരിക്തതയും ആണെന്നു പറയുമ്പോള്‍ എനിയ്ക്ക് അത്ഭുതവും സന്തോഷവും തോന്നുന്നു .


                 വീട്ടില്‍  ഇടയ്ക്കിടെ വരാറുള്ള ബുദ്ധിസ്ഥിരതയില്ലാത്ത ആ സ്ത്രീയോട് എന്നു മുതലാണെനിയ്ക്കൊരു ദേഷ്യം തോന്നിത്തുടങ്ങിയതെന്നറിയില്ല. പ്രായഭേദമെന്യെ ആളുകള്‍ അവരെ മറിയംബി എന്നാണു വിളിയ്ക്കുന്നത് . അവര്‍ പറയുന്നത് അച്ചട്ടാകുമെന്ന ഒരു വിശ്വാസം അവിടത്തുകാര്‍ക്കുണ്ട് . അവര്‍ പറഞ്ഞേക്കാവുന്ന ശാപവാക്കിനെ പേടിയ്ക്കുന്നവരെ അവിടെ ഞാന്‍ കണ്ടിട്ടുണ്ട് . ആളുകളുടെ ആ പേടിയേയോ വിശ്വാസത്തെയോ ചൂഷണം ചെയ്യാന്‍ അവര്‍ ശ്രമിയ്ക്കുന്നു എന്നൊരു ധാരണ കയറിക്കൂടിയതാണ് എന്റെ മനോഭാവത്തിന്റെ കാരണം എന്നറിയാം .

             അവരുടെ അനിയത്തിയ്ക്ക്  ബുദ്ധിമാന്ദ്യമുള്ളവര്‍ക്ക് ഗവണ്‍മെന്റില്‍ നിന്നുമുള്ള  എന്തോ ആനുകൂല്യം കിട്ടുന്നുണ്ട് . മറിയംബിയുടെ  കാര്യം പക്ഷേ , "" ആ ആപ്പീസര്‍ ഒരു പെന്ന്‍ കാണിച്ച് എന്താന്ന്‍ ചോതിച്ച് ,, ഞമ്മള് പെന്ന്‍ ന്ന്‍ പറഞ്ഞ് .. ഇങ്ങക്ക് വട്ടില്ല ......''എന്നയാള്‍ പറഞ്ഞത്രേ .

            കഴിഞ്ഞ ദിവസം അവര്‍ വരുമ്പോള്‍ വീട്ടില്‍ മാമനുണ്ടായിരുന്നു , ഗള്‍ഫില്‍ നിന്നും വന്നിട്ട് ഒരാഴ്ച്ച ആയതേ ഉള്ളൂ. ""മോന്‍ വന്നതറിഞ്ഞപ്പം വന്നതാ .ഞമ്മക്ക് കുറച്ച് കായി താ '' എന്ന് മറിയംബി . ഒരു പത്തുറുപ്പ്യ തരട്ടെ മറിയംബിയ്ക്ക് എന്ന് മാമന്‍ വെറുതെ കളിയെടുത്തു . മറുപടി ഉടനായിരുന്നു .,, "" എടാ മോനേ , നീ പണ്ടിട്ട ടൗസര്‍ തന്നാണോ ഇപ്പളും ഇടണത് ''
കുറേ ചിരിച്ചിട്ടുണ്ടന്ന് ഞാന്‍ . ( ചിന്തിച്ചിട്ടും .)

          മാമന്‍ പിന്നെയും കുറെ നേരം അവരുമായി സംസാരിച്ചിരിയ്ക്കുന്നത്‌ കണ്ടു .
      
         കുറച്ച് കഴിഞ്ഞ് അവര്‍ പോയി . പുറത്തേക്കിറങ്ങി അങ്ങു ദൂരം എത്തുന്നത് വരെ അവരുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കാമായിരുന്നു ,, എല്ലാം മാമനു വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ .

        ഒരുപക്ഷെ  പിണക്കി വിട്ടിരുന്നെങ്കില്‍ ഇതിനു നേരെ വിപരീതം അവര്‍ വിളിച്ചു പറയുമായിരുന്നില്ലേ എന്ന എന്റെ ഉള്ളിലിരിപ്പ് ആ സമയം മറ നീക്കി പുറത്തു വന്നു . പിന്നെ അങ്ങോട്ട് ഞാന്‍ ചെറുതായി ചെറുതായി പോകുന്നത് എനിക്ക് അറിയാന്‍ കഴിയുന്നുണ്ടായിരുന്നു . 

       ആളുകളെ അവരുടെ നിലയില്‍ കണ്ട് പെരുമാറാന്‍ ഞാന്‍ പഠിച്ചിട്ടില്ല എന്ന്.

       ശരിയാണ്.. വിദ്യാഭ്യാസമില്ലാത്ത , ബുദ്ധിയ്ക്ക് ചാഞ്ചല്ല്യമുള്ള അവരെ കീറിമുറിച്ച് ഞാന്‍ വിധിയ്ക്കുന്നു . കിട്ടുന്ന പൈസയില്‍ " ആണ്‍പിള്ളേര്‍ ' അടിച്ചു മാറ്റിയത് കഴിച്ചുള്ളതിന് അരിയും സാധനങ്ങളും വാങ്ങി ആരും നോക്കാനില്ലാത്ത ഒരു സ്ത്രീക്കും , അവരുടെ കുട്ടിയ്ക്കും എത്തിച്ചു കൊടുക്കുന്ന അവരെ ..

      ഹോസ്റ്റലില്‍ നിന്നും ഒഴിവു കിട്ടുന്ന മുറയ്ക്ക് വീട്ടിലെത്തിയിരുന്ന എന്നോട് ഞാനേതോ 
വല്യ ഉദ്യോഗത്തിലിരിയ്ക്കുകയാണെന്ന ധാരണയില്‍ ആദ്യമൊക്കെ അവര്‍ പൈസ ചോദിയ്ക്കാറുണ്ടായിരുന്നത് ഓര്‍മ്മ വന്നു . പിന്നെ പതിയെ പതിയെ പതിയെ അവരതു നിര്‍ത്തിയത് ....
              

          

Monday, July 16, 2012

A Page From My Personal Diary Dated 19.11.2009

        മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു ,, "എനിക്കെന്തോ ഭയങ്കര സങ്കടം ,  കാരണമറിയില്ല " എന്ന്   ഒരു  friend നു message ചെയ്ത് വീണ്ടും കാരണം ചികഞ്ഞു കൊണ്ട് തിരിഞ്ഞു കിടന്നു . Homeopathy യ്ക്കു പഠിക്കുകയാണവള്‍ . മറുപടി ഉടനായിരുന്നു ,," വെറുതെ സങ്കടപ്പെടാ  ? 24 വയസ്സുള്ള മകന് brain tumour വന്നിട്ട്, അരയ്ക്കു കീഴ്പ്പോട്ട് തളര്‍ന്ന് കിടപ്പിലായ ഒരു അമ്മയുണ്ട്‌ ഞങ്ങളുടെ hospital ല്‍ .. അവരിതു വരെ ചിരിച്ചല്ലാതെ ഞാന്‍ കണ്ടിട്ടില്ല. എന്നിട്ട് ..നീ വെറുതെ സങ്കടപ്പെടാ  ?"


         ഒന്നും പറയാനുണ്ടായിരുന്നില്ല .


        അങ്ങനെ ഉറങ്ങിപ്പോകുമ്പോള്‍  അവസാനം ചിന്തിച്ചത്‌ ജീവിതത്തിലെ  അനുഗ്രഹങ്ങളെ acknowledge ചെയ്യുന്നവരെ എനിക്കെന്തു ബഹുമാനമാണ് എന്നായിരുന്നു . അത് ഞാനാണെങ്കില്‍ പോലും .


        പിറ്റേ ദിവസം magazine articles ഉമായി ശശി സാറിന്റെ ക്യാബിനില്‍ ചെന്നു കയറി. എത്ര വ്യത്യസ്തമായ ദേശങ്ങളിലോ സാഹചര്യങ്ങളിലോ എത്തിപ്പെട്ടാലും ചില തരംഗങ്ങള്‍ നമുക്കായി ചില ലോകങ്ങള്‍ പടുതുയര്‍ത്തിത്തരും എന്നു തോന്നുന്നു , നമ്മിലെ നമ്മള്‍ സുരക്ഷിതമായി നില്‍ക്കുന്ന ചില അമാനുഷിക വിഹായസ്സുകള്‍ . അതായിരിക്കാം ലോകത്തു പിറന്നു വീഴുന്ന ഓരോ വ്യക്തിയേയും അവരായി നിലനിര്‍ത്തുന്നത്.  പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ലാത്ത  സ്ഥലവും ഇനിയും ഇഷ്ടാപ്പെടാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു course ഉം ആയിട്ടു പോലും  അവിടെയും ഒരു ലോകം എനിക്കുണ്ടായതിന്റെ കാരണവും അതായിരിക്കാം.


        സര്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു . 'സൃഷ്ടികള്‍ ' ഉടെ എണ്ണം, പേജ് , പിന്നെ മാഗസിന്‍ എന്ന ഈ ചെറിയ കാര്യത്തിലുമുള്ള പൊളിടിക്സ് .. poitics ഏ ,എനിക്കു ചിരി വന്നു .
സര്‍ തുടര്‍ന്നു , " എനിക്ക് പരിചയമുള്ള ഒരു double MA ക്കാരിയുണ്ട് കോട്ടയത്ത് , ഒരു എലിസബത്ത്‌ കോശി . ഇതൊക്കെ ഞാനൊന്ന് അവരെ കാണിച്ചു നോക്കട്ടെ . " ഒന്ന് നിര്‍ത്തി കുറച്ചു നേരം  ആലോചിച്ചിരുന്ന്‍ സര്‍ പറഞ്ഞു , "കേട്ടോ, ലിഷാന പരിചയപ്പെടേണ്ട ഒരു കഥാപാത്രമാണ് അവര്‍ . 4ആം വയസ്സില്‍ പോളിയോ ബാധിച്ച് അരയ്ക്കു താഴെ തളര്‍ന്നു പോയവര്‍ . അച്ചന്‍ മരിച്ചു , ഒരു ആക്സിടെന്റില്‍ അമ്മയും . ഉണ്ടായിരുന്ന ഒരു ആങ്ങളയെ ഖത്തറില്‍ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇപ്പോള്‍ വേലക്കാരി മാത്രമുള്ള  ഒരു വലിയ വീട്ടില്‍ തനിച്ചു താമസിക്കുന്നു , സൂര്യ ടിവിയ്ക്കൊക്കെ ചില translation പരിപാടികളും ഒക്കെയായി.....


           ഞാനിടയ്ക്ക് അവരെ കാണാന്‍ പോകാറുണ്ട് ,കുറേ നേരം സംസാരിച്ചിരിക്കും . ഇത്ര tragedies ഉണ്ടായ ആളാണെന്നു പറയില്ല ,. എന്തു സന്തോഷമാണെന്നോ ലിഷാനാ അവരുടെ മുഖത്ത് ?!! "


           ബുധനാഴ്ചയായിട്ടും ഉച്ചയ്ക്ക് conservative dentistry ലെക്ചര്‍ ഉണ്ടായിരുന്നു . Joecee സര്‍ വന്നു. Discussion on Amalgam. ഒരു ക്ലാസ്സിലും ശ്രദ്ധിക്കാനുള്ള  കഴിവെനിക്കില്ല എന്ന എന്റെ പരാതിയ്ക്ക് principal സര്‍ തന്ന ആത്മവിശ്വാസത്തില്‍ ഇപ്പോള്‍ ഞാന്‍ നന്നായി ശ്രദ്ധിക്കാറുണ്ട്  ക്ലാസുകളില്‍ . അതെ , ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു . എങ്കിലും ഉള്ളില്‍ എന്തൊക്കെയോ .. ഇടയ്ക്ക് ഞാനറിയാതെ ചിരിയ്ക്കുന്നു പോലുമുണ്ടായിരുന്നു .


            ശരിയ്ക്കും സന്തോഷമെന്നാല്‍ അപ്പോള്‍ എന്താണ് .? സ്വന്തം മുന്നില്‍ സ്വയം ആവിഷ്ക്കരിക്കപ്പെടുന്നതല്ലാതെ മറ്റെന്തായിരിക്കും അത് ? അത് കൊണ്ടല്ലേ ദുരന്തങ്ങള്‍ക്കിടയിലും ഹെലന്‍ കെല്ലറും , ആന്‍ ഫ്രാങ്കും ..പിന്നെ ഈ എലിസബത്ത് കോശിയുമെല്ലാം സന്തുഷ്ടരായിരുന്നത് ?


           അപ്പോഴും ഒരു സംശയം ബാക്കിയാണ് . ആ അമ്മ ...!! 


           മനസ്സു വീണ്ടും പഴയ പല്ലവി ആവര്‍ത്തിക്കുന്നതു കേട്ടു 'അനുഗ്രഹങ്ങളെ acknowledge ചെയ്യുന്നവരെ എനിക്കെന്തൊരു കാര്യമാണ് '.


           ദൈവം ഒരല്‍പ്പമെങ്കിലും ആശ്വസിക്കട്ടെ .


          "That's all about Amalgam. Now answer your attendance."


        

Wednesday, July 11, 2012

ഒരിടം


           "എന്റെ വായടിത്തം തീര്‍ത്ത പാപം കഴുകിക്കളയാന്‍ ഒരു നാള്‍ ഞാന്‍ എന്റെ നാദം താളത്തില്‍ ഈ പ്രപഞ്ചത്തില്‍ ചേര്‍ക്കും."


         ഈ വാക്കുകള്‍ ഞാന്‍ എന്റേതാക്കുന്നു.ഇങ്ങനെ പറയാന്‍ മുന്‍പൊന്നും എനിക്ക് ധൈര്യമുണ്ടായിട്ടില്ല. എന്തെഴുതിത്തുടങ്ങുംപോഴുമുള്ള തരംതാഴ്ത്തലുകള്‍ ഇപ്പോഴും ഉള്ളില്‍ തകര്‍ത്തു നടക്കുന്നു.ഭംഗിയില്ലാത്ത വാക്കുകള്‍ , പൊള്ളയായ വാചകങ്ങള്‍ എന്നൊക്കെ എഴുതിത്തീരുന്നതിനു മുന്പു തന്നെ ഇവ സ്വയം വിധിക്കപ്പെടുന്നു .


              സ്വപ്നങ്ങളും കഴിവില്ലായ്മയും ഒന്നിക്കുന്നിടത്ത് മാത്രം വിരിയുന്ന നിസ്സഹായമായ ഒരു വേദനയുണ്ട് .എത്ര പേര്‍ അതറിഞ്ഞിട്ടുണ്ടാകുമെന്ന്‍  എനിക്ക് നിശ്ചയമില്ല .

         കോടാനുകോടി ജീവജാലങ്ങളുള്ള ഈ പ്രപഞ്ചത്തില്‍ ഓരോ  അണുവിനും സ്വന്തമായ ഒരിടം ഉണ്ട് എന്ന കേട്ട് പഴകിയ തത്വം ഒരു തിരിച്ചറിവായി വന്നത് ഈയടുത്തായിരുന്നു.. ഉള്ളിലെ  സ്വരങ്ങളെ അറിഞ്ഞു ജീവിക്കുന്നതിനിടയില്‍ അറിയാതെ  കണ്ടെത്തിപ്പോകുന്ന  'ഒരു ഇടം' - അത് സത്യമാണത്രേ . അതിന്റെ ആഴം നിര്‍ണ്ണയിക്കാന്‍ നമ്മുടെ സ്വപ്നങ്ങള്‍ക്കാകുമെന്ന്‍ ,, അതായിരുന്നു ഏറ്റവും സന്തോഷം . കാല്‍ നൂറ്റാണ്ടിലെ  ജീവിതത്തിന്‌ ഒരു പക്ഷെ അറിഞ്ഞു  കൊടുത്തിട്ടുള്ളത് അതു മാത്രമായിരിക്കും .

                               ദൈവമേ , എനിക്കൊരിടം തരൂ
                               അര്‍ത്ഥങ്ങളുടെ ആകാശങ്ങളില്‍
                               ആഴമായ് , വിശാലതയായ്
                               ഒരു നിലനില്‍പ്പു തരൂ
                               ഞാന്‍ അലൗകികതയെന്തെന്നറിയട്ടെ

      ഇതെന്റെ കാത്തിരിപ്പായത് എന്നു മുതല്‍ക്കാണെന്നെനിക്കറിയില്ല . ആ നിമിഷം , പക്ഷേ ഇനിയെന്നും എന്റെ ആത്മാവിനോടു ചേര്‍ന്നുണ്ടായിരിയ്ക്കും ..

       

Monday, July 9, 2012

zindagi


ഒരു വൃദ്ധന്‍ , ഒരു പേന 
ഇവരാണെന്റെ കടക്കാര്‍ 

സായൂജ്യത്തിന്റെ ഉന്നതികളില്‍ എന്നും 
ഒടുവിലത്തെ ഓര്‍മ്മ ആ വൃദ്ധനാണ് 

ഒരു കുഞ്ഞു മനസ്സിന്റെ 
ഏകാന്തമായ രാപ്പകലുകള്‍ക്ക് 
നിശബ്ദമായ തേങ്ങലുകള്‍ക്ക് 
വിജനമാം ഇടനാഴികളൊപ്പിയെടുത്ത ചുടുനെടുവീര്‍പ്പുകള്‍ക്ക് 
ശൂന്യമായിപ്പോയ ദൃഷ്ടികള്‍ക്ക്‌ 
ഉത്തരമായി ആ വൃദ്ധന്‍ .......

അന്ന് ...നീട്ടിപ്പിടിച്ചു നിന്ന ആ കൈകളും 
അതിലേക്കോടിയലിഞ്ഞ ആ കൊച്ചുകുട്ടിയും 
അതിന്റെ  കണ്ണില്‍ വിരിഞ്ഞ പുതുജീവനും  ....

അവിടെ നിന്നുമാണൊരു ജന്മം തുടങ്ങിയത് 

അതായിരുന്നു എന്റെ നിമിഷം 
വഴിത്തിരിവും എന്റെ തുടക്കവും 
ഇനി എന്റെ ഒടുക്കവും ....