Sunday, July 21, 2013

ഓർമ്മകൾക്ക് കൊടുക്കേണ്ടത്

                   മനസ്സ് കലുഷിതമാകുമ്പോൾ,
സ്നേഹത്തിൻറെയോ  കാരുണ്യത്തിന്റെയോ ഒക്കെ അഭാവം അനുഭവപ്പെടുമ്പോൾ എനിയ്ക്കേറ്റവും പോകാനിഷ്ടം കുട്ടികളുടെ അടുത്തേക്കും , തീരെ പ്രായമായവരുടെ അരികിലേക്കുമാണ് . ഉള്ളിലെ എല്ലാ കുറവുകളും ഞൊടിയിട കൊണ്ട് അവർ മാറ്റിത്തരും . നമ്മളെ ഈ ലോകത്തെ ഏറ്റവും സ്നേഹിക്കപ്പെടുന്നവരായി അവർ മാറ്റും . നമ്മുടെ സ്നേഹത്തെ ഈ ലോകത്തെ ഏറ്റവും വിലയേറിയ ഒന്നാക്കിയും .....

     പ്രായമായവർക്ക് വേണ്ടത് എന്താണെന്ന് മനസ്സിലാകും ,, കുറെ നേരം അവർ പറയുന്നത് മുഴുവൻ കേട്ട് കൂടെയിരി ക്കാൻ  ,, അവരുടെ ചെറിയ ചെറിയ ദുശ്ശാഠ്യങ്ങൾ വക വെച്ച് കൊടുക്കാൻ ,,  . കുട്ടികൾക്കും വേണ്ടത് ഇതൊക്കെത്തന്നെയാണ് ,, പക്ഷെ അവർക്ക് യഥാർത്ഥത്തിൽ കൊടുക്കേണ്ടത് കുട്ടിക്കാലം എന്ന അവരുടെ പിൽക്കാലത്തെ ഓർമ്മകളിലേക്ക് ദീപ്തമായ ഒരു പിടി നിമിഷങ്ങൾ ആണ് എന്നെനിക്കെപ്പോഴും തോന്നാറുണ്ട് . രണ്ടു രണ്ടര വയസ്സുകാരൻ പോലും പുതിയ മൊബൈൽ ഫോണുകളിലും കാർടൂണുകളിലും വീഡിയോ ഗെയിമുകളിലും മുഴുകി ഇരിക്കുന്നത് കാണുമ്പോൾ വേദന തോന്നാറുണ്ട് .

     തിരിഞ്ഞ് നോക്കുമ്പോൾ സന്തോഷം തോന്നുന്ന വേദന തോന്നുന്ന നിറവു തോന്നുന്ന ഒരു കാലം. അവിടെ നിന്നും ഊറ്റിയെടുക്കാൻ അവർക്കെന്നും പാഠങ്ങൾ ഉണ്ടാകണം . ഭദ്രമായ ആ നിലത്ത് അവരുടെ തനതായ  സ്വപ്‌നങ്ങളുടെ വേരുകളിറങ്ങണം .

    ആ കുട്ടിയെ അൽപനേരം പഠിപ്പിക്കേണ്ടി വന്നതാണ് . A lamp that stormed to success - പഴകിക്കീറിത്തുടങ്ങിയ തൻറെ പുസ്തകത്തിൽ ആ പാഠമെടുത്തവനെൻറെ കൈയിൽത്തന്നു . 7 ഇൽ ആണ് എന്ന് അപ്പോഴാണ് മനസ്സിലായത് , കണ്ടാൽ നാലിനപ്പുറം പറയില്ല .

     താഴ്ന്ന ജാതിക്കാരനായ , ദരിദ്രനായ  K.R നാരായണൻ വിജയിച്ച കഥ ഞാനവനത് നോക്കി പറഞ്ഞു കൊടുത്തു . ഒരു ഭാവഭേദവുമില്ലാതെ , എൻറെ മുഖത്തേക്കുള്ള നോട്ടം കഴിവതും , അല്ല , പാടെ തന്നെ ഒഴിവാക്കിക്കൊണ്ട് അവനത് കേട്ടിരുന്നു .

     നാരായണൻ .... വാസ് ..ബോറ ...ണ്‍ ... ഓണ്‍ ....ഇരുപത്തി ഏഴ് ഒക്ടോബർ ... ആയിരത്തിത്തൊള്ളായിരത്തി .. ഇരുപത് ..ലയാളം മീഡിയം എങ്കിലും അവൻ വായിക്കുന്നുണ്ട് ,, അർത്ഥമറിയാം . തിരുത്തിക്കൊടുത്തു . വീണ്ടും വായിപ്പിച്ചു . ഒടുവിൽ ,അവസാനിപ്പിക്കുന്നതിനു തൊട്ടു മുൻപായി ഒരു സംഗ്രഹം എന്ന പോലെ - ഈ ലോകം നോക്കുന്നത് ഒരാൾക്ക് പണമുണ്ടോ , അയാൾ വല്യ വീട്ടിലെയാണോ എന്നൊന്നുമല്ല ,, നമുക്ക് വില തരുന്നത് നമ്മുടെ അറിവാണ് , സ്വഭാവമാണ് എന്നോ മറ്റോ ... പുറത്തേക്കോ പുസ്തകത്തിലേക്കോ ഒക്കെ കഷ്ടപ്പെട്ട് മാറി മാറി നോക്കിയിരുന്ന അവൻ ഒരു നിമിഷം കിടുങ്ങി .. പിന്നെ പതിയെ തലയുയർത്തി നേരിട്ട് ,, എൻറെ കണ്ണുകൾക്കകത്തേക്ക്  തുറിച്ചു നോക്കി നിശ്ചലമായി, അനന്തമായി നിന്നു .

         ആ നോട്ടത്തിൻറെ ആഴം താങ്ങാനാകാത്ത വണ്ണം ദുർബലമായിരുന്നു ആ കുരുന്നു കണ്ണുകൾ .. ഒരു ഉത്തരത്തിനെയോ , തിരിച്ചറിവിനെയോ , എരിയുന്ന അനുഭവങ്ങളെയോ ഒക്കെ ആയിരുന്നിരിക്കണം അവനങ്ങനെ , അതു പോലെ , നോക്കി നിന്നത് .     

       ഉള്ളിൽ ഞാൻ സന്തോഷിക്കുന്നുണ്ടായിരുന്നു . ഇവന് ഒരു പാത ഉണ്ടെന്നു മനസ്സ് പറഞ്ഞു.അതിരുകൾക്കപ്പുറത്തെ ചിന്തകളുടെ ഉടമസ്ഥതയും ,, സ്വപ്നങ്ങളും ,, തിരിഞ്ഞു നോക്കുമ്പോൾ ആ പാതയുടെ തുടക്കങ്ങളിൽ നിഷ്കളങ്കതയും അനുഭവങ്ങളും ഇടകലർന്ന ഒരു കുട്ടിക്കാലവും .