Friday, November 14, 2014

Experimentsവെറുതെ തുടങ്ങിയതാണ്‌ ഞാൻ . വെറുതെ . തീർത്തും നിസ്സാരമെന്നു തോന്നിപ്പിക്കുന്ന  കാര്യങ്ങൾക്കും ചിലപ്പോൾ  ജീവിതത്തെ മുന്നോട്ട് കൊണ്ടു പോകാനുള്ള കരുത്തുണ്ടാകും .
Tuesday, November 4, 2014

Another page from the diary , after lots of blank ones

അനിയൻ സിനിമയ്ക്ക്‌ പോകുന്നതിനെക്കുറിച്ചു പറഞ്ഞു കൊണ്ടേയിരുന്നു ."മുന്നറിയിപ്പ് നല്ലതാന്നു കേട്ടു .ഇന്നോ നാളെയോ എന്തായാലും പോണം ." 

"എടാ , നമുക്കൊരുമിച്ചു പോകാം "    

"ഏയ്‌ , അതു ശരിയാകൂല .  നമ്മുടെ നാട്ടിലൊന്നും ..." അവൻ എന്തൊക്കെയോ പറഞ്ഞു .

"മതി , ഞാൻ വരണില്ല "

പഠിച്ചു തീരേണ്ടായിരുന്നു.


സ്വാതന്ത്ര്യം -അത് തനിച്ചും കൂട്ടു കൂടിയുമുള്ള ചെറിയ നടത്തങ്ങളായിരുന്നു ,പഠിച്ചു കൊണ്ടിരുന്നപ്പോൾ . ഔടിംഗ് ദിവസങ്ങളിൽ ഒന്നിടവിടാതെ പുറത്തിറങ്ങുകയും എന്നാൽ അത്യാവശ്യമുള്ള ഒരു വസ്തു പോലും വാങ്ങാൻ സമയമില്ലാതിരിക്കുകയും ചെയ്തിരുന്നതായിരുന്നു . ഒറ്റയ്ക്കുള്ള പുസ്തകം വാങ്ങാൻ പോകലുകളായിരുന്നു . റോഡ്‌ മുറിച്ചു കടക്കുമ്പോൾ വീശിയടിച്ചെന്നെ ഒരു നിമിഷം നിർത്തിച്ച കാറ്റായിരുന്നു .

കോട്ടയത്ത് ഒരു ബുക്ക്‌ ഫെയർ ഉണ്ടെന്നു കേട്ടാണ് ഒരു ശനിയാഴ്ച കോളേജ് കഴിഞ്ഞ് ബസ്‌ കയറിയത് .അന്ന് പിള്ളേർ ട്രാഫിക്‌ സിനിമയ്ക്ക്‌ പോകാനിരിക്കുകയായിരുന്നു . കുറേ വിളിച്ചിട്ടും ഇല്ലാന്ന് പറഞ്ഞ് ഞാൻ ബസ്‌ പിടിച്ചു .
കയറിയിരുന്നപ്പോഴും എന്തോ പോലെ -'പോകായിരുന്നു . ഉം ,സാരല്ല'

അടുത്തിരുന്ന മെലിഞ്ഞു ശോഷിച്ച ഒരു വൃദ്ധ എൻറെ ദേഹത്തേക്കു ചാഞ്ഞു .പുറത്തെ കാഴ്ചകളിൽ നിന്നും ചിന്തകളിൽ നിന്നും ഉണർന്ന് അവരെ മെല്ലെ താങ്ങി എന്റെ തോളിൽ സുരക്ഷിതമായി കിടത്തി ,വീണ്ടും ...തനിച്ചു പോകുമ്പോൾ മാത്രം ശ്രദ്ധിക്കുന്ന കാഴ്ചകൾ .ഇല്ല , എനിക്കങ്ങനെ അധികമില്ല .ആകാശത്തേക്കും പിന്നോട്ടോടുന്ന മരങ്ങളിലേക്കും കണ്ണും നട്ടിരിക്കുന്ന സ്ഥിരം പ്രക്രിയ . ഞാനെന്തെങ്കിലും ചിന്തിക്കാറുണ്ടോ എന്ന് തന്നെ എനിയ്ക്കറിയില്ല .പക്ഷേ പുറമേ നിന്നു നോക്കുന്നവർക്ക് എന്നും നമ്മളൊരു സ്വപ്നജീവിയാണ് .

 ബസ്‌ ഒരു സടെൻ ബ്രേക്ക്‌ ഇട്ടു . ആ അമ്മമ്മ വളഞ്ഞ് എൻറെ മടിയിലേക്കൂർന്നു വീണു .ഉടൻ  തന്നെ ഒരു ചമ്മലോടെ എഴുന്നേറ്റു . പല്ലില്ലാത്ത ചിരി ..മുഴുവൻ നിഷ്കളങ്കതയോടെ ,എന്നാൽ ഒരുപാട് ദുർബലമായി .

"എങ്ങോട്ടാ പോകുന്നത്? " കോട്ടയത്തെ ഏതോ ഒരുൾപ്രദേശത്തിന്റെ പേരു പറഞ്ഞു .

കൈയിൽ മുറുകെ പിടിച്ചിരിക്കുന്ന ഒരു മുഷിഞ്ഞ കവർ .
നട്ടുച്ചവെയിലാണ് . ആ സ്ഥലത്തേക്ക് ഇനിയും ബസ്‌ കയറേണ്ടി വരും .

"എന്തേലും കഴിച്ചതാണോ , നല്ല ക്ഷീണം തോന്നുന്നുണ്ടല്ലോ ."

"ഇല്ല .മോന്റെ വീട്ടിൽ നിന്നും തിരക്കിൽ ഇറങ്ങിയതാ . ജോലിക്കൊരു വീട്ടില് നിക്കുന്നുണ്ട് .അങ്ങോട്ടേക്കാ " അതേ പുഞ്ചിരിയോടെ അവർ പറഞ്ഞു .

എന്തോ ,ഞാൻ മുഖം തിരിച്ചു ..

"ഞാനും കോട്ടയത്തേക്ക് തന്നെയാ . ഒരു കാര്യം ചെയ്യാം . അവിടെത്തിയിട്ട് നമുക്ക് ഒരുമിച്ചു പോയി എന്തെങ്കിലും കഴിക്കാം .എന്നിട്ട് അമ്മയ്ക്ക്  അടുത്ത ബസ്‌ കയറാല്ലോ ."

മടിച്ചു ,എങ്കിലും ചിരിച്ചു .  " എന്നാ മോളെ , ഞാൻ കയറാറുള്ള ഒരു ചായക്കട ഉണ്ടവിടെ . അങ്ങോട്ട്‌ പോകാം . "

ശരി .ഉള്ളിൽ പെട്ടെന്നൊരു പേടി തോന്നി .എങ്കിലും അവർ കാണിച്ചു തന്ന വഴിയിലൂടെ ഞാൻ നടന്നു .

ഒരു ചെറിയ കരി പിടിച്ചു കിടക്കുന്ന സ്ഥലം .ചില്ലലമാരയിൽ പലഹാരങ്ങൾ . ചായ അടിക്കുന്ന ഒരാൾ . നാലഞ്ച് ബെഞ്ചുകൾ . ആളുകൾ ഒന്നോ രണ്ടോ .

ഞങ്ങൾ കയറി ഇരുന്നു . ചായയും ചെറിയ എന്തോ  പലഹാരവും മാത്രമേ അവർ കഴിച്ചുള്ളൂ .


അവിടെ നിന്നിറങ്ങി ,പ്രൈവറ്റ് ബസ്‌ സ്റ്റാൻഡിൽ അവരെ വിട്ട് യാത്ര പറഞ്ഞ് നടക്കുമ്പോൾ പുറകിൽ നിന്നും മോളേ എന്നു വിളി . ഞാൻ തിരിച്ചു ചെന്നു .
എന്റെ കൈകൾ എടുത്ത് തന്റെ നെഞ്ചോടു ചേർത്തു പിടിച്ചു , നിറകണ്ണുകളോടെ എന്റെ നെറുകയിൽ തലോടി ..അവർ തിരിഞ്ഞു നടന്നു .

മൂർദ്ധാവിൽ ഇന്നും മായാതെ കിടക്കുന്ന ആ തലോടലാണ് എനിക്ക് ....സ്വാതന്ത്ര്യം