Thursday, November 29, 2012

വെറുതെ ...

               പലപ്പോഴും ഉള്ളിലെ ഒരായിരം ചിന്തകള്‍ തിരിച്ചറിയാനും വിവേചിച്ചറിയാനും ഒരു പേനയുടെ മഷിയുരുളണം . ഉള്ളിലാരോ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു .   ഹൃദയങ്ങളുമായുള്ള മാര്‍കേസിന്‍റെ സംവാദത്തില്‍ അസൂയ അല്ല കൊതി പൂണ്ട ഒരു പെണ്‍കുട്ടി അകത്തു കിടന്നു പിടയ്ക്കുന്നു . പ്രണയത്തെ ആഗ്രഹിക്കാന്‍ പോലും അറിവില്ലാത്ത ഒരു കുട്ടി യാഥാര്‍ത്യങ്ങള്‍ക്ക് മുന്‍പില്‍ ചോദ്യച്ചിഹ്നങ്ങളുമായിരിക്കുന്നു .

       ചെവിയില്‍ തീവണ്ടി കുതിച്ചു പായുന്ന ശബ്ദം. അന്ധകാരത്തെ , നിശബ്ദതയെ ഭേദിച്ച് ..
      അങ്ങ് ദൂരെ കാണാം ,,ഇടയില്‍ ഒരു കമ്പാര്‍ട്ട്മെന്‍റില്‍ മാത്രം ഇളം വെളിച്ചമുണ്ട് .

        സ്വപ്‌നങ്ങള്‍ .. സ്വപ്നങ്ങളാണ് . ഇരുട്ടില്‍ തണുത്ത കാറ്റില്‍ പറന്നിളകുന്ന മുടിയിഴകളും ഒഴുകുന്ന ഈ പേനയും അകലേക്ക്‌ നട്ട കണ്ണുകളും എഴുതുന്നത്‌ സ്വപ്നങ്ങളാണ് ..

    ഈ കോറിഡോറിന്‍റെ കമ്പിയഴികളിലൂടെ ഒരു ജയിലിലൂടെന്ന വണ്ണം ആകാശത്തെ ഞാന്‍ കാണുന്നു .ആ വിശാലതയിലേക്ക്‌ നോക്കുമ്പോള്‍ കൂടെയുണ്ടെന്ന ഒരു  തോന്നല്‍  തരുമായിരുന്ന നക്ഷത്രങ്ങള്‍ ഒന്നു പോലും ഇല്ലാതെ . ഇടയ്ക്കേതോ തെളിഞ്ഞു വരുന്നു അപ്പോള്‍ത്തന്നെ മങ്ങിപ്പോകുകയും ,, സൗകര്യപൂര്‍വ്വം . പക്ഷേ ഈ വിശാലത ,, അതു മാത്രം ..സത്യമാണ് .

      ജീവിതം കാത്തു വെച്ചിരുന്ന അത്ഭുതം മരണമാണ്. ഏറ്റവും ഒടുവിലത്തെ നിമിഷങ്ങള്‍ക്ക് വേണ്ടിയും മരണത്തിന് ശേഷമുള്ള ജീവിതത്തിലേക്കുമാണ് എന്തൊക്കെയോ  കരുതി വെച്ച് കൊണ്ടിരിക്കുന്നത് . പക്ഷെ എന്‍റെ തുലാസ്സില്‍ കനം തൂങ്ങുന്നത് ഒടുവിലത്തെ ആ കുറച്ചു നിമിഷങ്ങള്‍ക്കാണ് ,,ആണ് എന്ന് മനസ്സിലാകുമ്പോള്‍ അറിയാതാകുന്നത് കരയണോ ചിരിക്കണോ എന്ന് മാത്രമാണ് .

      എന്തു മറിമായമെന്നറിയില്ല , നഷ്ടബോധങ്ങളില്‍ എനിക്കിരിക്കാന്‍ കഴിയുന്നുണ്ട് .  ഒന്നും ചെയ്തിട്ടില്ല ഞാന്‍ എന്ന് പറയാന്‍ എനിക്ക് കഴിയുന്നുണ്ട് . 
        അനാഥനായ ഒരു കുട്ടിയുടെ , കുറച്ചു കുട്ടികളുടെ സ്നേഹം നേടാന്‍ ശ്രമിച്ചതിനെ നോക്കിയായിരുന്നു ഞാന്‍ നേടി എന്നു ഞാന്‍ പറഞ്ഞത് .
       വളരെ കൃത്യമായ ചില സമയങ്ങളില്‍ ഒഴുകിയിറങ്ങിയ കണ്ണീരിനെയും , മനപൂര്‍വ്വം കേള്‍ക്കാതിരുന്ന ചില വാക്കുകളെയും കാണിച്ചാണ് ഞാന്‍ നേടി എന്ന് മനസ്സിനെ പറഞ്ഞു ഞാന്‍ വിശ്വസിപ്പിച്ചത്‌ 
        വിചിത്രമായി ഇപ്പോള്‍ തോന്നുന്നു .

        അലങ്കാരങ്ങളില്ലാതെ , ചമയങ്ങളില്ലാതെ , മറ്റൊരാള്‍ എന്ത് കരുതുമെന്ന് അശേഷം ചിന്തിക്കാതെ , ഞാനെന്‍റെ അല്ല ആരുടെയോ വാക്കുകള്‍ക്ക് മുന്‍പിലിരിക്കുന്നു . അദൃശ്യമായ ഒരു സ്വാതന്ത്ര്യം , ഒരു ലിബറേഷന്‍ എനിക്കതനുഭവപ്പെടുന്നുണ്ട് .

       എപ്പോഴെങ്കിലുമൊക്കെ സ്വയം എത്തി നില്‍ക്കുന്നതെവിടെയെന്ന്‍ പറയണം , ഉച്ചത്തില്‍ അറിയണം . അല്ലെങ്കില്‍ അപകടമുണ്ട് ,, അബദ്ധസങ്കല്പങ്ങളില്‍ ജന്മം അറിയാതെ പാഴായിപ്പോകുമെന്ന അപകടം .

      ജീവിക്കാന്‍ വേണ്ടതും പലപ്പോഴും അല്ല മിക്കപ്പോഴും ഇല്ലാത്തതും ധൈര്യമാണ് എന്ന്  എനിക്കിപ്പോ തോന്നുന്നതെന്തു കൊണ്ടായിരിയ്ക്കും ? 

    അറിയാം , എനിക്കില്ലാതെ പോയത് , പോകുന്നത് അതു തന്നെയാണ് .

      എന്‍റെ വാചകങ്ങളില്‍ നിന്നും ഭാരം എടുത്തു മാറ്റപ്പെടുന്നു . ഇതൊരു പക്ഷേ ഞാന്‍ കാത്തിരുന്ന നിമിഷങ്ങളായിരിയ്ക്കാം  .

      

10 comments:

  1. എപ്പോഴെങ്കിലുമൊക്കെ സ്വയം എത്തി നില്‍ക്കുന്നതെവിടെയെന്ന്‍ പറയണം , ഉച്ചത്തില്‍ അറിയണം . അല്ലെങ്കില്‍ അപകടമുണ്ട് ,, അബദ്ധസങ്കല്പങ്ങളില്‍ ജന്മം അറിയാതെ പാഴായിപ്പോകുമെന്ന അപകടം .

    അതെയതെ. എപ്പോഴെങ്കിലുമൊക്കെയല്ല, എപ്പോഴും.

    ReplyDelete
  2. ജീവിതത്തിലെ ചില സത്യങ്ങള്‍ ചിലരുടെ വാക്കുകളിലൂടെയോ...വരികളിലൂടെയോ മാത്രമേ കാണാനാകൂ...എന്നെനിക്ക് ഇപ്പോ തോന്നുന്നു...

    ReplyDelete
  3. എന്തിനാണ് ഇത്രേം സങ്കടം?

    എല്ലാം വിട്ടു, മുന്നോട്ടു പോവുക. ജീവിതം ഇപ്പോഴും സുന്ദരം തന്നെ ! :)

    സസ്നേഹം,

    അനു

    ReplyDelete
  4. :-) അയ്യോ അനൂ ,, സങ്കടമൊന്നും അല്ലാ ട്ടോ . പറയാന്‍ ആഗ്രഹമുള്ള എന്തെങ്കിലും കാര്യം ഉള്ള ഡയറിക്കുറിപ്പുകള്‍ വെറുതെ post ചെയ്യുന്നതാണ്. എനിക്കറിയുന്ന ഒരേയൊരു form of writing അതാണ്‌ . എപ്പഴും ഉദ്ദേശിക്കുന്നത് ഒരു higher level of സന്തോഷമാണ് എങ്കിലും ശരിക്കും അതില്‍ conveyed ആകുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാകാറില്ല . thank you for reading :-)

    ReplyDelete
  5. Creativity at its spontaneous best…and the truth inherent in this thought is powerful too

    ReplyDelete
  6. ജീവിതം അങ്ങനെ ആണ് ലിഷാന,ദു:ഖങ്ങളെ അതിജീവിക്കാന്‍ കാലത്തിനു കഴിയുമായിരിക്കും, എങ്കിലും മനസ്സിലെ മുറിവ് ഉണങ്ങാന്‍ പ്രയാസമാണ്. അപ്പോള്‍ പോസിറ്റീവ് ആയി ചിന്തിക്കാന്‍ പഠിക്കണം, അപ്പോള്‍ മനസ്സിന് ധൈര്യം കിട്ടും. കിട്ടിയ ജീവിതത്തെ സന്തോഷമാക്കുക

    ReplyDelete
  7. ഇടക്കിടക്കുള്ള സ്വയം വിമര്‍ശനം തന്നെയാണ് കൂടുതല്‍ അറിയാന്‍ നല്ലതെന്നു തോന്നുന്നു. ഇതുവരെ നേടി എന്ന് കരുതുന്നതും നേടാന്‍ ആഗ്രഹിക്കുന്നതും എല്ലാമെല്ലാം.

    ReplyDelete
  8. വേദനകള്‍ മനസ്സിന്റെ കിളികൂട്ടില്‍ പൂട്ടിയിട്ടു ചിരിച്ച മുഖവുമായിട്ടാണ് പല മനുഷ്യരുടെയും സഞ്ചാരം...
    എന്തിനെയും അതിജീവിക്കുന്നവരെ നമ്മള്‍ വിവേകമതികള്‍ എന്ന് പറയും...
    അതില്‍ നമ്മളും ഉണ്ടാവട്ടെ..............
    നന്നായിട്ട് എഴുതി
    ആശംസകളോടെ
    അസ്രുസ്
    ...
    ..ads by google! :
    ഞാനെയ്‌ ...ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
    ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
    ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
    കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
    http://asrusworld.blogspot.com/
    http://asrusstories.blogspot.com/
    FaceBook :
    http://www.facebook.com/asrus
    http://www.facebook.com/asrusworld
    പുലികള്‍ മേയുന്ന സ്ഥലം :
    http://mablogwriters.blogspot.com/

    ReplyDelete
  9. /// എപ്പോഴെങ്കിലുമൊക്കെ സ്വയം എത്തി നില്‍ക്കുന്നതെവിടെയെന്ന്‍ പറയണം , ഉച്ചത്തില്‍ അറിയണം . അല്ലെങ്കില്‍ അപകടമുണ്ട് ,, അബദ്ധസങ്കല്പങ്ങളില്‍ ജന്മം അറിയാതെ പാഴായിപ്പോകുമെന്ന അപകടം .///ഇതെനിക്ക് ഇഷ്ടപ്പെട്ടു..

    ആശംസകള്‍..

    ReplyDelete
  10. വേദനയുടെയും നഷ്ടങ്ങുളുടെയും പുനര്‍ചിന്തനം നല്ലത് തന്നെ
    പക്ഷെ അവിടെ തമ്ബടിക്കാനുള്ള ഒരു വ്യഗ്രത കാണുന്നു !!
    തോന്നുന്നത് എഴുതുന്നതിന്റെ സുഖം ഒന്ന് വേറെ !

    ReplyDelete