Sunday, July 22, 2012

വെളിച്ചം

                      പത്താം ക്ലാസ്സിനു ശേഷം ഹോസ്റ്റലില്‍  താമസിച്ചു തന്നെ പഠിയ്ക്കണമെന്നു നിര്‍ബന്ധം പിടിച്ചത് കുറെ ജീവിതം  കാണണമെന്നും അനുഭവങ്ങളുണ്ടാകണമെന്നും ഉള്ളില്‍ വെളിച്ചവും പുറത്ത് വ്യത്യസ്തതയുമുള്ള ഒരുപാട് പേരെ പരിചയപ്പെടണം എന്നൊക്കെയുള്ള ആഗ്രഹങ്ങള്‍ മനസ്സില്‍ വെച്ചായിരുന്നു . പത്തു വര്‍ഷം എത്തി നില്‍ക്കുന്ന ഹോസ്റ്റല്‍ ജീവിതം കൊണ്ട് പക്ഷെ ഏറ്റവും കൂടുതല്‍ ഞാന്‍ തിരിച്ചറിഞ്ഞത് സ്വന്തം വീട്ടിലെ , നാട്ടിലെ ഞാന്‍ കണ്ടും കേട്ടും വളര്‍ന്ന മുഖങ്ങള്‍ക്കുള്ളിലെ വെളിച്ചവും വ്യതിരിക്തതയും ആണെന്നു പറയുമ്പോള്‍ എനിയ്ക്ക് അത്ഭുതവും സന്തോഷവും തോന്നുന്നു .


                 വീട്ടില്‍  ഇടയ്ക്കിടെ വരാറുള്ള ബുദ്ധിസ്ഥിരതയില്ലാത്ത ആ സ്ത്രീയോട് എന്നു മുതലാണെനിയ്ക്കൊരു ദേഷ്യം തോന്നിത്തുടങ്ങിയതെന്നറിയില്ല. പ്രായഭേദമെന്യെ ആളുകള്‍ അവരെ മറിയംബി എന്നാണു വിളിയ്ക്കുന്നത് . അവര്‍ പറയുന്നത് അച്ചട്ടാകുമെന്ന ഒരു വിശ്വാസം അവിടത്തുകാര്‍ക്കുണ്ട് . അവര്‍ പറഞ്ഞേക്കാവുന്ന ശാപവാക്കിനെ പേടിയ്ക്കുന്നവരെ അവിടെ ഞാന്‍ കണ്ടിട്ടുണ്ട് . ആളുകളുടെ ആ പേടിയേയോ വിശ്വാസത്തെയോ ചൂഷണം ചെയ്യാന്‍ അവര്‍ ശ്രമിയ്ക്കുന്നു എന്നൊരു ധാരണ കയറിക്കൂടിയതാണ് എന്റെ മനോഭാവത്തിന്റെ കാരണം എന്നറിയാം .

             അവരുടെ അനിയത്തിയ്ക്ക്  ബുദ്ധിമാന്ദ്യമുള്ളവര്‍ക്ക് ഗവണ്‍മെന്റില്‍ നിന്നുമുള്ള  എന്തോ ആനുകൂല്യം കിട്ടുന്നുണ്ട് . മറിയംബിയുടെ  കാര്യം പക്ഷേ , "" ആ ആപ്പീസര്‍ ഒരു പെന്ന്‍ കാണിച്ച് എന്താന്ന്‍ ചോതിച്ച് ,, ഞമ്മള് പെന്ന്‍ ന്ന്‍ പറഞ്ഞ് .. ഇങ്ങക്ക് വട്ടില്ല ......''എന്നയാള്‍ പറഞ്ഞത്രേ .

            കഴിഞ്ഞ ദിവസം അവര്‍ വരുമ്പോള്‍ വീട്ടില്‍ മാമനുണ്ടായിരുന്നു , ഗള്‍ഫില്‍ നിന്നും വന്നിട്ട് ഒരാഴ്ച്ച ആയതേ ഉള്ളൂ. ""മോന്‍ വന്നതറിഞ്ഞപ്പം വന്നതാ .ഞമ്മക്ക് കുറച്ച് കായി താ '' എന്ന് മറിയംബി . ഒരു പത്തുറുപ്പ്യ തരട്ടെ മറിയംബിയ്ക്ക് എന്ന് മാമന്‍ വെറുതെ കളിയെടുത്തു . മറുപടി ഉടനായിരുന്നു .,, "" എടാ മോനേ , നീ പണ്ടിട്ട ടൗസര്‍ തന്നാണോ ഇപ്പളും ഇടണത് ''
കുറേ ചിരിച്ചിട്ടുണ്ടന്ന് ഞാന്‍ . ( ചിന്തിച്ചിട്ടും .)

          മാമന്‍ പിന്നെയും കുറെ നേരം അവരുമായി സംസാരിച്ചിരിയ്ക്കുന്നത്‌ കണ്ടു .
      
         കുറച്ച് കഴിഞ്ഞ് അവര്‍ പോയി . പുറത്തേക്കിറങ്ങി അങ്ങു ദൂരം എത്തുന്നത് വരെ അവരുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കാമായിരുന്നു ,, എല്ലാം മാമനു വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ .

        ഒരുപക്ഷെ  പിണക്കി വിട്ടിരുന്നെങ്കില്‍ ഇതിനു നേരെ വിപരീതം അവര്‍ വിളിച്ചു പറയുമായിരുന്നില്ലേ എന്ന എന്റെ ഉള്ളിലിരിപ്പ് ആ സമയം മറ നീക്കി പുറത്തു വന്നു . പിന്നെ അങ്ങോട്ട് ഞാന്‍ ചെറുതായി ചെറുതായി പോകുന്നത് എനിക്ക് അറിയാന്‍ കഴിയുന്നുണ്ടായിരുന്നു . 

       ആളുകളെ അവരുടെ നിലയില്‍ കണ്ട് പെരുമാറാന്‍ ഞാന്‍ പഠിച്ചിട്ടില്ല എന്ന്.

       ശരിയാണ്.. വിദ്യാഭ്യാസമില്ലാത്ത , ബുദ്ധിയ്ക്ക് ചാഞ്ചല്ല്യമുള്ള അവരെ കീറിമുറിച്ച് ഞാന്‍ വിധിയ്ക്കുന്നു . കിട്ടുന്ന പൈസയില്‍ " ആണ്‍പിള്ളേര്‍ ' അടിച്ചു മാറ്റിയത് കഴിച്ചുള്ളതിന് അരിയും സാധനങ്ങളും വാങ്ങി ആരും നോക്കാനില്ലാത്ത ഒരു സ്ത്രീക്കും , അവരുടെ കുട്ടിയ്ക്കും എത്തിച്ചു കൊടുക്കുന്ന അവരെ ..

      ഹോസ്റ്റലില്‍ നിന്നും ഒഴിവു കിട്ടുന്ന മുറയ്ക്ക് വീട്ടിലെത്തിയിരുന്ന എന്നോട് ഞാനേതോ 
വല്യ ഉദ്യോഗത്തിലിരിയ്ക്കുകയാണെന്ന ധാരണയില്‍ ആദ്യമൊക്കെ അവര്‍ പൈസ ചോദിയ്ക്കാറുണ്ടായിരുന്നത് ഓര്‍മ്മ വന്നു . പിന്നെ പതിയെ പതിയെ പതിയെ അവരതു നിര്‍ത്തിയത് ....
              

          

8 comments:

  1. ആളുകളെ ആഴത്തിലറിഞ്ഞാല്‍ വളരെ വ്യത്യസ്തമായിരിക്കും നമ്മുടെ മനോഭാവവും പ്രതികരണവും.

    നാമെല്ലാം പുറമെ കണ്ടുകൊണ്ടാണ് അളക്കുന്നത്.

    ReplyDelete
  2. Replies
    1. sir,, thank you. felt good to know that it may be kind of useful

      Delete
  3. എഴുത്ത് ഇഷ്ടായി :)

    ReplyDelete
  4. നല്ല പോസ്റ്റ്. ഇത്തരം അനുഭവങ്ങൾ മനുഷ്യത്വത്തെ ഉണർത്തും.

    ReplyDelete
  5. നമ്മള്‍ ഏതു കണ്ണുകളിലൂടെ നോക്കുന്നുവോ, ആ കണ്ണുകളില്‍ കൂടിയേ നമുക്കാരെയും കാണാന്‍ പറ്റു..എല്ലാ ചിരികള്‍ക്ക് പിന്നിലും മിക്കപ്പോഴും ഒരല്‍പമെങ്കിലും കണ്ണുനീര്‍ ഒലിച്ചു നില്‍പ്പുണ്ടാവും..
    ഈ എഴുത്തും നന്നായി.. ഭാവുകങ്ങള്‍..:)
    http://kannurpassenger.blogspot.in/2012/07/blog-post_19.html

    ReplyDelete
  6. Font valuthakkunnathu vayanakkarkku upakaramaayirikkum ennukoodi unarthunnu.. :)

    ReplyDelete
    Replies
    1. i tried,, not able to increase the font size. 'll ask someone. thank you for the suggestions and feedbacks

      Delete