Showing posts with label wait. Show all posts
Showing posts with label wait. Show all posts

Monday, July 30, 2012

My Compensation And The Blessed..

               ഉറക്കത്തില്‍ കാണുന്ന സ്വപ്‌നങ്ങള്‍ പണ്ട് ഞാന്‍ എഴുതി വെയ്ക്കാറുണ്ടായിരുന്നു,, കണ്ടത് എഴുതിപ്പഠിയ്ക്കുകയാണെന്ന് room mates ല്‍ ആരോ കളിയാക്കിയതോര്‍ക്കുന്നു . വെള്ളവും പര്‍വ്വതനിരകളും സ്ഥിരം പശ്ചാത്തലങ്ങളാകുന്ന എന്റെ സ്വപ്നങ്ങളില്‍ സുനാമി , വെള്ളപ്പൊക്കം , അടിയൊഴുക്കുകള്‍ , പര്‍വ്വതങ്ങള്‍ ചാടിക്കടന്നുള്ള ഓട്ടങ്ങള്‍ , gravity നഷ്ടപ്പെട്ട് ഇതു വരെ കാണാത്ത ലോകങ്ങളിലേക്കുള്ള പറക്കലുകള്‍ , അങ്ങനെയങ്ങനെ മാറിയും മറിഞ്ഞും വിഷയമായി വരാറുണ്ട് .


             ആ ഒരു പ്രപഞ്ചം, ഒരിക്കലും നഷ്ടപ്പെടരുതേ എന്നാഗ്രഹിയ്ക്കുന്ന ഒരു അമൂല്യതയാണെനിയ്ക്ക് . അടിയൊഴുക്കില്‍ പെട്ട് ഞാനൊലിച്ചു പോകുന്നതിനിടയില്‍  അടിത്തട്ടിലെ വള്ളിപ്പടര്‍പ്പുകളില്‍ കുടുങ്ങിക്കിടന്ന ആ പിഞ്ചുകുഞ്ഞിനെ രക്ഷിക്കാന്‍ പറ്റിയതൊക്കെ ഒരു സ്വപ്നം മാത്രമായിരുന്നെന്ന ബോധം എന്റെ ഉപബോധമനസ്സിനില്ല . അതു കൊണ്ടു തന്നെയാണ് അതൊക്കെ ഓര്‍മ്മയിലേക്ക് വരുമ്പോള്‍ , എന്റെ എത്ര down and depressed നിമിഷങ്ങളും അനിര്‍വചനീയമായ ഒരു ഊര്‍ജ്ജത്താല്‍ നിറയാറുള്ളത് . ശരിയ്ക്കും ,,അതൊക്കെ എന്നെ ജീവിയ്ക്കാന്‍ പ്രേരിപ്പിക്കാറുണ്ട് .


           ദൈവം എനിയ്ക്കറിഞ്ഞു തന്നതാണതെന്ന്‍ ഇടയ്ക്ക് ഞാന്‍ ചിന്തിയ്ക്കാറുണ്ട് . ചെറിയ ഒരു compensation  പോലെ . ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്നം, ഉണര്‍ന്നിരിയ്ക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നതെന്തോ അതാണ്‌ എന്ന്‍ നമ്മുടെ അബ്ദുല്‍ കലാം വ്യാഖ്യാനിച്ച അങ്ങനെയൊന്ന് എന്റെ ജീവിതത്തില്‍ വാക്കുകള്‍ കൊടുത്ത് പറയാനോ അവ്യക്തമായല്ലാതെ ചിന്തിക്കാനോ ഇപ്പോള്‍ വരെ ഉണ്ടായിട്ടില്ല എന്നതു തന്നെയാണ് കാരണം .


        അങ്ങനെയല്ല ഞാന്‍ എന്ന വളരെ അബദ്ധമായ ഒരു ധാരണ എനിയ്ക്കുണ്ടായിരുന്നു . ചീട്ടുകൊട്ടാരം തകര്‍ന്നത് അന്നായിരുന്നു ... എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ അന്നു ഞങ്ങള്‍ സമയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു . പൊടുന്നനെ ഒരു കടലാസ്സും പേനയും കൈയില്‍ തന്ന് അവളെന്നോട് എന്റെ സ്വപ്‌നങ്ങള്‍ അക്കമിട്ടെഴുതാന്‍ പറഞ്ഞു . "ഇതൊക്കെയെന്ത് " എന്ന സലിം കുമാര്‍ ഭാവത്തില്‍ ഞാനാ കടലാസ്സിന് മുന്നിലിരുന്നതും പിന്നീടുണ്ടായ തിരിച്ചറിവില്‍ എന്റെ ഉള്ള്‌ വിറച്ചതും ഇപ്പോഴും എനിയ്ക്കോര്‍മ്മയുണ്ട് .




        അങ്ങനെ മങ്ങിയ കുറേ കാഴ്ചകളെയും 'എന്തോ ഒന്ന് ' ചെയ്യാനുള്ള ഉള്ളിലെ പിടച്ചിലിനെയും സ്വന്തം ത്രപ്തിയ്ക്കു വേണ്ടി എന്റെ സ്വപ്‌നങ്ങള്‍ എന്ന് ഞാന്‍ പേരിട്ടു വിളിച്ചു . ആ പിടച്ചിലില്‍ ചെയ്തു കൂട്ടുന്ന എന്തിനെയൊക്കെയോ ഞാനെന്റെ സ്വപ്നസാക്ഷാത്കാരങ്ങളെന്ന് വിശ്വസിച്ചു .




        എനിയ്ക്കിങ്ങനെയൊക്കെ ചെയ്യണം , ഇന്നതാണെന്റെ ആഗ്രഹം എന്ന്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞ ചിലരെ ഞാന്‍ പരിചയപ്പെട്ടത്‌ ... പാതിയിലധികം ദൂരം നടന്നു കഴിഞ്ഞവര്‍ , തങ്ങള്‍ പോലുമറിയാതെ . The Blessed എന്ന് എന്റെ മനസ്സ് അവരെ ഉച്ചത്തില്‍ വിളിയ്ക്കുന്നത് ഞാന്‍  കേട്ടു .


         ഉള്ളിലെ അജ്ഞാതമായ പിടച്ചിലുകളുടെ എല്ലാ വേദനയോടെയും എനിയ്ക്കവരോടു പറയണമെന്നുണ്ട് ,, വൈകിക്കാതെ ബാക്കിയുള്ള ആ അല്പദൂരം കൂടി നടക്കാന്‍ ... അല്ലെങ്കില്‍ 'അറിഞ്ഞു കൊണ്ടുള്ള ' യാത്രയ്ക്ക് തുടക്കം കുറിയ്ക്കാന്‍ ...


          കഴിഞ്ഞ ദിവസം എന്റെ കസിന്‍ അയച്ച message .
            " If you wait, all that happens is, you get older."


    
       വെറും തുടക്കം കുറിയ്ക്കലുകളില്‍ മാത്രം നമ്മുടെ മുന്നില്‍ വ്യക്തമായി വ്യക്തമായി വരുമെന്നുള്ള  വഴികളില്‍ ഞാന്‍ വിശ്വസിയ്ക്കുന്നു . ആ വഴികള്‍ക്ക്  ജീവിതത്തിനു നല്‍കാന്‍ കഴിയുമെന്നുള്ള  നിറവിലും .......