പലപ്പോഴും സ്വന്തം നിരുത്തരവാദിത്ത്വങ്ങളുടെ അല്പം ഭീകരമായിപ്പോകാറുള്ള അനന്തരഫലങ്ങൾ
ഞാനങ്ങനെ ഒറ്റയ്ക്ക് അനുഭവിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നിയോ , സഹതപിച്ചോ ചില കൂട്ടുകാർ എന്നെ കണക്കിന് ചീത്ത പറയാറുണ്ട് . ഒരു പ്രശ്നത്തിൽ ഒരാളെ കൈയൊഴിയാനുള്ള ഏറ്റവും എളുപ്പമാർഗ്ഗം അയാളെ വഴക്ക് പറഞ്ഞ് കൊണ്ട് കടന്നു പോകലാണ് എന്ന് അങ്ങനെയുള്ള ഒരവസരത്തിൽ അവരുടെയടുത്ത് നിന്നും രക്ഷപ്പെടാൻ ഞാൻ തന്നെ പറഞ്ഞത് ഓർമ്മ വരുന്നു . ( പാവം , അന്നേരത്തെ അവളുടെ മുഖവും.)
ഇന്നെനിക്കിവിടെ എന്തെങ്കിലും എഴുതണമെന്ന് ആഗ്രഹം തോന്നുന്നു . ഇടയ്ക്ക് തോന്നാറുണ്ട് . പക്ഷെ , ഇന്ത്യയെക്കുറിച്ച് വെറുപ്പോടെ എഴുതിയ ഒരു പോസ്റ്റിൽ നിന്നിങ്ങോട്ട് ഒന്നും ചിന്തിക്കാനോ , എഴുതാനോ പറ്റിയിട്ടില്ല എന്നതാണ് കാര്യം . എന്നിലെ സമാധാനത്തിന്റെ ഒരംശം ഞാനറിയാതെ അതിന് കൊണ്ട് പോകാൻ കഴിഞ്ഞു എന്നതിന് എന്തോ ഒരു പ്രസക്തിയുണ്ടെന്ന് എനിയ്ക്ക് വെറുതെ തോന്നുന്നു .
നിസ്സാരമോ , ഗൗരവമോ ആകട്ടെ ,,ചില കാര്യങ്ങൾ ,ചില points നമ്മളെ കാലത്തിൽ ബന്ധനസ്ഥരാക്കി നിർത്തും . യാത്ര തുടരണമെങ്കിൽ ,തിരിച്ച് ആ point വരെ പോയേ പറ്റുള്ളൂവെന്നും , എത്ര ഒഴിഞ്ഞുമാറി സഞ്ചരിക്കാൻ ശ്രമിച്ചാലും മുന്നോട്ടുള്ള വഴികൾ തെളിയണമെങ്കിൽ അത് നിർബന്ധമാകുമെന്നും ഇടയ്ക്കെങ്കിലും ഞാനറിഞ്ഞിട്ടുണ്ട് .
ചില ക്ഷമാപണങ്ങൾക്ക് , ഏറ്റുപറച്ചിലുകൾക്ക് , പൂരിപ്പിക്കലുകൾക്ക് ജീവിതത്തിൽ ഒരുപാട് ചെയ്യാനുണ്ടാകുന്നത് ഈയൊരു context ലാണ് എന്ന് തോന്നുന്നു .
ഞാൻ ചെയ്തത് അതായിരുന്നു ,,പഴി പറഞ്ഞു കൊണ്ട് കടന്നു പോകൽ .
എന്തെങ്കിലും ചെയ്യാനുണ്ടാകും നമുക്ക് ,, എന്തോ ചെയ്യാനുണ്ടാകും . ഒരു പ്രാർഥനയായെങ്കിലും . എത്ര നിസ്സാരമാണെങ്കിലും അതിനീ കുറ്റം പറച്ചിലുകളേക്കാൾ മഹത്വമുണ്ടായിരിക്കും .
ഭൂഖണ്ഡമെന്നും രാജ്യമെന്നും സംസ്ഥാനമെന്നുമൊക്കെ നമ്മളായുണ്ടാക്കിയെടുത്ത അതിർത്തികൾക്കപ്പുറത്ത് മനുഷ്യർ എന്ന സത്യമുണ്ട് ,. ചില മനസ്സുകളുടെ സാധാരണത്വം സൃഷ്ടിക്കുന്ന അസാധാരണത്വങ്ങളിൽ ഞാൻ അത്ഭുതം കണ്ടിട്ടുണ്ട് . എല്ലാത്തിനിടയിലും അവിടങ്ങളിൽ ഇനിയും നമ്മുടെ പ്രതീക്ഷകളുണ്ട് .
************************
ആദ്യമായി കടല്‍ കണ്ടത് ഓര്‍മ്മിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍ . അന്നത്തെ അന്ധാളിപ്പില്‍ താളം തെറ്റിപ്പോയിരുന്നിരിക്കാവുന്ന ആ ഒരു ഹൃദയമിടിപ്പിനെ . ആദ്യമായ് കടൽ കാണിച്ചു തന്ന വ്യക്തിയോടൊപ്പം ചിപ്പി വെട്ടിക്കളിച്ച് കൊണ്ട് കടല്‍ത്തീരത്തിരിക്കവേ , കാതിലിരമ്പിയ കടലാണ് പക്ഷേ എന്റെ ആദ്യ ഓര്‍മ്മകളില്‍ .
അനേകവർഷങ്ങൾക്കിപ്പുറവും ഓര്‍മ്മകളിലുള്ളത് അവരെനിയ്ക്ക് തന്ന സ്നേഹമാണ് ... കടല്‍ ...
അതിന്റെ അഗാധതയാണ് എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളത് ..
ഭൂമിയിലെ ഏറ്റവും മനോഹരമായ ഇടം മനുഷ്യന്റെ മനസ്സാണെന്ന് പാടിയത് ഏതു കവിയായിരുന്നു !!!