Wednesday, August 22, 2012

ഒരു നിമിഷം

        കുറേ  ശ്രമിച്ചിട്ടും ഇതെഴുതാനെനിയ്ക്ക് കഴിയുന്നില്ല ..

    ബംഗാരു ലക്ഷ്മണിന്  കോടിക്കണക്കിന് രൂപയുടെ അഴിമതിയ്ക്ക് കോടതി ശിക്ഷ വിധിച്ച ദിവസം എനിയ്ക്കോര്‍മ്മയുണ്ട് . അവസാനത്തെ യൂണിവേഴ്സിറ്റി  പരീക്ഷയുടെ രണ്ട് ദിവസം മുന്‍പായിരുന്നു അത് .

    പരീക്ഷയ്ക്ക് prepare ചെയ്യാന്‍ ഏകാഗ്രത കിട്ടാത്തത് കൊണ്ട്  ആ  ഒരു മാസത്തേയ്ക്ക് കോളേജ് ഹോസ്റ്റലില്‍ നിന്നും മാറി ഒരു പ്രൈവറ്റ് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുകയായിരുന്നു ഞാന്‍ . നേരത്തെ അറിയാവുന്ന രണ്ടു മൂന്നു പേര്‍ മാത്രമേയുള്ളൂ അവിടെ .

     വീട്ടിലേക്കു പോയിട്ട് ഒരുപാട് നാളായിരുന്നു . പിന്നെ അപ്രതീക്ഷിതമായി വന്ന അത്യാവശ്യം വലിയ ചിലവുകള്‍ .. അതു കൊണ്ടു തന്നെ കൈയില്‍ പൈസ കുറവാണ് . കുറവാണെന്ന് വെച്ചാല്‍ ഇല്ല . ഇല്ല എന്നു പറഞ്ഞാല്‍ points എഴുതിപ്പഠിയ്ക്കുന്നതിനിടയില്‍ പേനയുടെ മഷി തീര്‍ന്നു പോയപ്പോള്‍ ,പുസ്തകത്തിന്റെ പേജ് തീര്‍ന്നു പോയപ്പോള്‍ ഞാനനുഭവിച്ച tension ... tension അല്ല ഇരുള്‍ ...

    വീട്ടില്‍പ്പറയാന്‍ മനസ്സനുവദിക്കുന്നില്ല . ഒരു ഭീമമായ തുക ആയിടയ്ക്കവര്‍ അയച്ചു തന്നതേയുള്ളൂ .. ചോദിക്കാന്‍ കഴിയുന്നതിന്റെ saturation point ഉം പിന്നിട്ടിരിക്കുന്നു .

      ഒരു മാസമെന്നു കണക്കു കൂട്ടിയ  അവിടുത്തെ താമസം , രണ്ടിലേക്ക് നീണ്ടു (യൂണിവേഴ്സിറ്റിയുടെ കൃത്യതക്ക് നന്ദി , എപ്പോഴത്തെയും പോലെ ) .  ഒരു  സമാധാനമുണ്ട് .. കോഷന്‍ ഡിപോസിറ്റ്  അവിടെ കിടപ്പുണ്ട് .  ഈ മാസം എന്തായാലും ഞാന്‍ വെകേറ്റ്  ചെയ്യുകയാണ് , monthly fee അതില്‍ നിന്നും എടുത്താലും ബാക്കി ഇങ്ങോട്ടുണ്ടാകും . അതിനെക്കുറിച്ചാലോചിക്കേണ്ടാലോ എന്ന ആശ്വാസത്തില്‍ തട്ടിയും മുട്ടിയും ജീവിച്ചു പോകുമ്പോഴാണ് അതു ശ്രദ്ധയില്‍പ്പെടുന്നത് .. നേര്‍ത്ത പുഞ്ചിരിയോടെ എന്നെ നോക്കാറുണ്ടായിരുന്ന വാര്‍ഡന്റെ മുഖം ഇപ്പോള്‍ വലിഞ്ഞു മുറുകുന്നത് പോലെ . അവരുടെ നോട്ടം കാണുമ്പോള്‍ അറിയാതെ , ഷോക്കേറ്റത് പോലെ ഞാന്‍ മുഖം തിരിച്ചു തുടങ്ങി .

    ഒരു  ദിവസം അവരെന്നെ അടുത്ത് വിളിച്ചു പറഞ്ഞു , "അങ്ങനെ പറ്റില്ല, അത് വേറെത്തന്നെ കൊടുക്കണം . വെക്കേറ്റ് ചെയ്ത് ഒരു മാസത്തിന് ശേഷം മാത്രേ കോഷന്‍ ഡിപ്പോസിറ്റ് തിരിച്ചു കിട്ടുള്ളൂ ,, ഇനി ഫീസ്‌ കൊടുക്കാന്‍ വൈകുന്ന ഓരോ ദിവസത്തിനും നൂറു രൂപ ഫൈന്‍ . അതാണവരുടെ നിയമം .
   
   ദേഷ്യപ്പെടാനാണ് ആഗ്രഹിച്ചത്‌ , ഫൈന്‍ എന്നൊക്കെ കേട്ടപ്പോള്‍ . പക്ഷെ ശബ്ദം പുറത്തേക്കു വരുന്നില്ല . കണ്ണുകള്‍ നിറയുന്നുമുണ്ട് . ശരി , ഫൈന്‍ ചേര്‍ത്ത് പരീക്ഷയുടെ അവസാനദിവസം .. പറഞ്ഞൊപ്പിച്ച് വേഗം അവിടം വിട്ടു .

      ഒടുവിലത്തെ പരീക്ഷയ്ക്ക് മുന്‍പ് മൂര്‍ധന്യാവസ്ഥയിലെത്തിയ നെഞ്ചിന്റെ പടപടപ്പ്‌ .. ഭീതി ..കടന്നു പോന്ന കുറച്ചു ദിവസങ്ങളില്‍ ആരോഗ്യം പോലും കുറഞ്ഞത്‌ പോലെ . എന്തു ചെയ്യണം ഇനി എന്ന ചോദ്യത്തിന് മുന്പിലിരുന്ന് അന്നനുഭവിച്ച ഇരുട്ട് ... കണ്ണില്‍ .. മനസ്സില്‍ ...

      ഏറ്റവും തീവ്രമായി  നമ്മള്‍ കടന്നു പോകുന്ന ചില സംഭവങ്ങളാണ് പിന്നീട് നമുക്ക് അത്തരം അനുഭവങ്ങളുടെ definition ആവുക എന്നു തോന്നുന്നു . അവിടുത്തെ നാല് ചുമരുകള്‍ക്കുള്ളില്‍ കുറച്ചു ദിവസങ്ങള്‍ അനുഭവിച്ചതാണിപ്പോള്‍ എനിയ്ക്ക് നിസഹായതയുടെ definition ..

     എന്റെ കുറച്ചു വാക്കുകളുടെ ദൂരത്തില്‍ അതിനുത്തരം ഉണ്ട് എന്നറിഞ്ഞിട്ടും അതു ചോദിക്കാന്‍ മനസൊരുക്കുന്നതിന്റെ വേദന മാത്രമായിരുന്നു എന്റെ നിസഹായതയുടെ അര്‍ത്ഥം.

     ആ  രാത്രി തുറന്ന പുസ്തകത്തിന്‌  മുന്‍പില്‍ അങ്ങനെയെന്തോ ആലോചിച്ചിരിക്കവേ , ഒന്നിനും ഒരു  ഉത്തരവും ഇല്ലാത്ത കുറേ രൂപങ്ങളില്ലാത്ത മുഖങ്ങള്‍ , അവയ്ക്ക് പിന്നിലെ വിങ്ങുന്ന , ഭീതിയാര്‍ന്ന മനസുകള്‍ , എന്റെ ഉള്ളിലേക്ക് ആര്‍ത്തലച്ചു വന്നു , ഒരു പ്രളയം പോലെ ..

      എനിക്ക് സങ്കല്‍പ്പിച്ചെടുക്കാന്‍ കഴിയുന്നതിനും അപ്പുറമുള്ള ആ നിസഹായതകള്‍ ഓര്‍ത്ത് ഞാന്‍ കരഞ്ഞു. അത്രയ്ക്ക് നടുക്കമുണ്ടാക്കുന്നതായിരുന്നു ആ ചിന്ത അപ്പോളെനിയ്ക്ക് . വയനാട്ടില്‍ തൂങ്ങിയാടിയ ഒരു പറ്റം കയറുകളൊക്കെ ഉള്ളിലങ്ങനെ ....

        വിലയിരുത്താം , കണക്കെടുപ്പ് നടത്താം പക്ഷേ ,,അവരുടെ കഴുത്തില്‍ മുറുകിയ ഒരു മുഴം കയറിനെ അളന്നു കുറിച്ച് കണക്കെടുത്തു വെയ്ക്കാന്‍ നമുക്കെന്നെങ്കിലും ആകുമോ !!

      പണത്തിന്റെ വിലയറിയുമ്പോഴാണത്രേ അതിന്റെ നിരര്‍ത്ഥകതയും മനസിലാകുന്നത് . ആ നിരര്‍ത്ഥകത.. 
അതായിരുന്നു അന്നത്തെ അതിമനോഹരമായ എന്റെ തിരിച്ചറിവും . അതില്ലായിരുന്നെങ്കില്‍ തിരക്കേറിയ കുറച്ച് പിരിമുറുക്കങ്ങളുടെ ദിനങ്ങളുടെ പ്രസക്തമല്ലാത്ത  ഒരു കുറിപ്പായി  ഇതെന്റെ ഡയറിയില്‍ പതുങ്ങുമായിരുന്നു.

         കിട്ടാതെ , ഇല്ലാതെ വേദനിക്കുന്നവരും കെട്ടിപ്പൂട്ടി വെയ്ക്കുന്നവരും ...

   അതില്‍ കുറച്ചു കിട്ടിയാല്‍ ജീവനും ജീവിതവും തിരിച്ചു കിട്ടുന്നവര്‍ നമ്മുടെ ചുറ്റിലും ഉണ്ടെന്നിരിക്കെ , നമ്മള്‍ ഭദ്രമായി എടുത്തു വെക്കുന്നതിനൊക്കെ എന്ത് വിലയുണ്ട്‌ !!

    നമ്മുടേതെന്ന്‍ പറയുന്നത് മുഴുവന്‍ യഥാര്‍ത്ഥത്തില്‍ നമ്മുടേത്‌ തന്നെയാണോ ?

                           ...................................................

       സന്ധ്യയാകാറായ  ഒരു സമയത്ത് കോളേജ് ഹോസ്റ്റലിന്റെ പിറകു വശത്തുള്ള അലക്കുകല്ലിന്മേല്‍ വിശാലമായി കിടക്കുന്ന പാടത്തിനെ അഭിമുഖീകരിച്ചിരുന്ന് ചാറ്റല്‍ മഴ കൊള്ളുകയായിരുന്നു ഞങ്ങള്‍ ..

      വേദനിപ്പിക്കുന്ന രീതിയില്‍ ദേഹത്തടിക്കുന്ന വലിയ മഴത്തുള്ളികള്‍ .. വീശിയടിക്കുന്ന തണുത്ത കാറ്റ് .. നോക്കെത്താ ദൂരത്ത് നീണ്ടു കിടക്കുന്ന മനോഹരമായ പച്ചപ്പാടം ... ഇടയ്ക്ക് കൊള്ളിയാന്‍ .. മാനത്തതങ്ങനെ ചിത്രം വരയ്ക്കുന്നത് കാണാന്‍ അപാരമായ ഭംഗിയുണ്ടായിരുന്നു .

     പരസ്പരം മിണ്ടാന്‍ പോലും മറന്ന് നമ്മളങ്ങനെയിരിക്കുമ്പോള്‍ മുന്‍പിലൂടെ ചെറിയ ഒരു വൃദ്ധന്‍ , പടുവൃദ്ധന്‍ എന്നു പറയണം , പാടത്തിന്റെ ഏതോ ഭാഗത്തു നിന്നും അരിഞ്ഞെടുത്ത പുല്ലിന്റെ തനിയ്ക്ക് താങ്ങാവുന്നതിലും വലിയൊരു കെട്ട് തലയിലേന്തി ഇടറിപ്പോകുന്ന കാലടികളില്‍ കൂനിക്കൂനി നടന്നു പോകുന്നു . ആ കെട്ട് എവിടെയോ എത്തിച്ച് , തിരിച്ചു വന്ന് വീണ്ടും പുല്ലരിഞ്ഞു കെട്ടി , കൊണ്ടു പോയി വീണ്ടും തിരിച്ചു വന്ന് .. ആ മഴയത്ത് ...

    അതങ്ങനെ നോക്കിക്കൊണ്ടിരിക്കവേ അടുത്ത് നിന്നും അവളുടെ ശബ്ദം കേട്ടു ," ലിഷൂ , ഇവരൊക്കെ ജീവിക്കുന്ന അതേ ലോകത്താണ് നമ്മളും ജീവിക്കുന്നത് "

                                   വീണ്ടും കൊള്ളിയാന്‍ ...

   ആ വൃദ്ധന്‍ ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞ് പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു , " മക്കളേ , പൊയ്ക്കോളൂ . പാടത്തിന്റെ ഇവിടൊക്കെ മിന്നല് വേഗം കൊളളും . വേഗം പൊയ്ക്കോ "

                                           നിശ്ശബ്ദത ..

                              

     നിശ്ശബ്ദമായിതന്നെ ഇതവസാനിപ്പിക്കുകയാണ് ., പറയാനാഗ്രഹിച്ചത് പറഞ്ഞുവോ , പറയാന്‍ ആഗ്രഹിച്ചതാണോ പറഞ്ഞത് എന്നൊന്നും മനസിലാകാതെ .

   മനസിലേക്കിപ്പോ വരുന്നത് ഒരു രഞ്ജിത്ത് സിനിമയിലെ കുറച്ച് വാചകങ്ങള്‍ മാത്രമാണ് . അതേതാണ്ട് ഇങ്ങനെയായിരുന്നു .

  "....എന്റെ സ്നേഹം ഞാന്‍ നിനക്കു നല്‍കി . നീയതു മറ്റാര്‍ക്കെങ്കിലും നല്‍കും . അങ്ങനെ പകര്‍ന്നു  പോകുന്ന സ്നേഹമാണ് ലോകത്തെ നിലനിര്‍ത്തുന്നത് ........."
      
    

      

Friday, August 3, 2012

എന്നാണു ഞാന്‍ .....!!!??

എന്നാണു ഞാനതിലെ കടന്നു പോയത് ...
കോറിയിട്ട വരകളില്‍ ,
കുറിച്ചിട്ട വരികളില്‍ ,
ഞാനതിന്റെ  ശിഷ്ടം കണ്ടു.
ഒരു  കൌതുകത്തില്‍ 
ഉള്ളിലെ  അറകളില്‍ ,
അടച്ചിട്ട ആഴങ്ങളില്‍ ,
പൊട്ടും പൊടികളും തിരഞ്ഞു ഞാന്‍ 

ഇനി അതീ ജന്മത്തിന് മുന്പായിരുന്നോ..?

സ്മൃതിവലയത്തില്‍ നിന്നും 
അപ്രത്യക്ഷമായൊരു പാത 
എന്നാണു ഞാന്‍ ആ വഴി കടന്നു പോയത് !!!

എല്ലാം എല്ലാത്തിന്റെയും ആകെത്തുകയാകുമ്പോള്‍ 
ഞാന്‍ എന്നത് ഒരു തിരിച്ചറിവാകുമ്പോള്‍ 
എനിയ്ക്ക് സങ്കടമില്ല 
നഷ്ടബോധങ്ങള്‍ക്ക് ഒരിരയായി 
ഒരിയ്ക്കലും, ഒരിയ്ക്കലും  ഞാനുണ്ടാകില്ല 

എവിടെയോ കാണാതായിപ്പോയ 
ദീപ്തമായ ഒരുപിടി  ചിന്തകള്‍ക്ക് പുനര്‍ജ്ജന്മമാകാന്‍ 
എതാകാശങ്ങളില്‍ ഞാനിനി തപം ചെയ്യണം 

അവ്യക്തമായ അശരീരികള്‍ മുഴങ്ങുന്നതു പോലെ 
ഒന്ന് കാതോര്‍ത്ത് നോക്കട്ടെ   ...




Thursday, August 2, 2012

ആവര്‍ത്തനം

എഴുതിപ്പതം വന്ന ബിംബങ്ങള്‍
എന്നെ കീറിമുറിയ്ക്കുന്നത്‌ പോലെ


ചില കല്പനകളുടെ അവികല്പിതമായ പ്രവാഹം
എന്നിലെ എന്നെയും
ചിന്തകളെയും
ചവിട്ടി  മെതിയ്ക്കുന്നു


മാറ്റമല്ല പക്ഷേ
പിന്നില്‍ അനാഥമാക്കപ്പെട്ട ചില നിമിഷങ്ങളുടെ
നിസ്വാര്‍ത്ഥസംഗ്രഹം
ഇന്നെന്നെ ഏറ്റവും കൊതിപ്പിക്കുന്ന
മരുപ്പച്ചയായിത്തീരുന്നു




           അക്ഷരങ്ങള്‍ വെറുതെ കൂട്ടിച്ചേര്‍ക്കുകയാണ് മനസ്സ്
     പറയാനുള്ളതെന്തോ ആരുമറിയാതെ ആര്‍ത്തുവിളിയ്ക്കാന്‍